തിരുവനന്തപുരം: പാർട്ടിയെ അപകീർത്തിപ്പെടുത്താനാണ് ചിലർ വാർത്തകൾ നൽകുന്നതെന്നും അതൊക്കെ ആരുടെയെല്ലാം സംഭാവനയാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതെല്ലാം മറികടന്ന് പാർട്ടി മുന്നോട്ടുപോകും. അങ്ങനെ ചരിത്രമുള്ള പാർട്ടിയാണ് സി.പി.ഐയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1971ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് താനും കെ.ഇ. ഇസ്മായിലും ചാമുണ്ണിയും സംസ്ഥാന കൗൺസിലിൽ എത്തുന്നത്. അന്നത്തെ പാർട്ടി അംഗസംഖ്യയും ഇന്നത്തെ അംഗസഖ്യയും പരിശോധിച്ചാൽ പാർട്ടിയുടെ വളർച്ച മനസ്സിലാകും. സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഹൈജാക്ക് ചെയ്യുന്നത് പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്മായിലും സി. ദിവാകരനും പൊതുസമ്മേളന വേദിയിൽ ഇരിക്കവെയാണ് അവർക്കെതിരെ പേരുപറയാതെയുള്ള കാനത്തിന്‍റെ വിമർശനം.
സംസ്ഥാന സർക്കാറിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയും കിണഞ്ഞ് പണിയെടുക്കുന്നു. കേന്ദ്ര സർക്കാറിന്‍റെ ഏജന്‍റായാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഇതിനെ മറികടക്കാൻ ഒന്നിച്ചുനിൽക്കേണ്ട സാഹചര്യമാണ്. ജനങ്ങളുടെ അസംതൃപ്തി മുതലെടുത്താണ് എൻ.ഡി.എ സഖ്യം അധികാരത്തിൽ വന്നത്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ കേന്ദ്ര സർക്കാർ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നു. മതരാഷ്ട്രവാദം ഉയർത്തി ഭൂരിപക്ഷ വർഗീയതയുടെ സ്പോൺസർമാരായി മോദി സർക്കാർ മാറി. പൗരത്വനിയമം പോലും മതത്തിന്‍റെ പേരിൽ നടപ്പാക്കാൻ മോദി ശ്രമിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലമുണ്ടാക്കാൻ ജനാധിപത്യ കക്ഷികൾക്ക് കഴിയണം. പ്രതിപക്ഷ ഐക്യം ഉണ്ടാകണം. എന്നാൽ രാജ്യത്ത് അങ്ങനെ സംഭവിക്കുന്നില്ലെന്നും കാനം ചൂണ്ടിക്കാട്ടി.
സി.പി.ഐ സംസ്ഥാന കൗൺസിലംഗം മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായിരുന്നു. ദേശീയ സെക്രട്ടേറിയറ്റംഗങ്ങളായ അതുൽ കുമാർ അഞ്ജാൻ, ബിനോയ് വിശ്വം എം.പി, ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. ദിവാകരൻ, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി. വസന്തം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.