സ്പീക്കറുടെ ഓഫിസ് ഉപരോധം: പ്രതിപക്ഷ നേതാവിന്‍റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മെമ്മോ

തിരുവനന്തപുരം: നിയമസഭ സ്പീക്കറുടെ ഓഫിസ് ഉപരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മെമ്മോ. ബിജു, ടി.സി വിനീത്, നിസാർ എന്നിവർക്കാണ് നിയമസഭ സെക്രട്ടറിയേറ്റ് മെമ്മോ നൽകിയത്.

സ്പീക്കറുടെ ഓഫിസിന്‍റെ മുൻവശത്ത് പ്രതിപക്ഷ എം.എൽ.എമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയെന്ന് ആരോപിച്ചാണ് മെമ്മോ നൽകിയത്. ബിജു, നിസാർ എന്നിവരുടെ മെമ്മോ പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് മടക്കി. അതേസമയം, വിനീതിന്‍റെ മെമ്മോ കൈപ്പറ്റി പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് രസീത് വാങ്ങി.

മെമ്മോയിൽ പറയുന്ന തസ്തികയിൽ ബിജുവും നിസാറും പ്രവർത്തിക്കുന്നില്ലെന്നാണ് മറുപടി നൽകിയത്. പേഴ്സണൽ അസിസ്റ്റന്‍റ്, അഡീഷണൽ പേഴ്സണൽ അസിസ്റ്റന്‍റ് എന്നീ തസ്തികളാണ് മെമ്മോയിൽ പറഞ്ഞിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽ കുമാർ പൊതുഭരണ വകുപ്പിന് നൽകിയ കത്തിൽ സർക്കാർ ഉത്തരവ് പ്രകാരം നിയമിതരായ ജീവനക്കാരുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് അണ്ടർ സെക്രട്ടറി മെമ്മോ നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.

നിയമസഭയിൽ അടിയന്തര പ്രമേയത്തിന് തുടർച്ചയായി അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഓഫിസിന് മുമ്പിൽ പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. സ്പീക്കറെ ഓഫിസിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് എം.എൽ.എമാരെ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചിരുന്നു.

തുടർന്ന് പ്രതിപക്ഷ എം.എൽ.എമാരെ ബലം പ്രയോഗിച്ച് ഓഫിസിന് മുമ്പിൽ നിന്ന് നീക്കിയത് കെ.കെ രമ അടക്കമുള്ളവർക്ക് പരിക്കേൽക്കുന്നതിന് വഴിവെച്ചു. ഈ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ എം.എൽ.എമാരുടെ പേഴ്സണൽ സ്റ്റാഫ് കാമറയിൽ പകർത്തി പുറത്തുവിട്ടെന്നാണ് ആരോപണം. 

Tags:    
News Summary - Speaker's office siege: memo to Leader of Opposition's personal staffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.