തിരുവനന്തപുരം: ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറി ബസുകളുടെ സഞ്ചാരദൂരം 140 കിലോമീറ്റർ ആയി പരിമിതപ്പെടുത്തി സർക്കാർ കരട് വിജ്ഞാപനമറിക്കി. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പരിധിയില്ലാതെ ഒാടാൻ അനുമതിയുണ്ടായിരുന്ന നിയമഭേദഗതി തിരുത്തിയാണ് പുതിയ സ്കീം തയാറാക്കിയത്. ഇതോടെ 31 ദേശസാത്കൃത റൂട്ടുകളിലെ 241 സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുങ്ങും. കെ.എസ്.ആർ.ടി.സിക്ക് ഇത് അനുകൂലമാവുകയും ചെയ്യും.
31 റൂട്ടുകളിലും അതത് ആർ.ടി.ഒകൾ നിശ്ചയിച്ച സ്റ്റോപ്പുകളിലെല്ലാം നിർത്തണമെന്ന വ്യവസ്ഥയും കരടിലുണ്ട്. ഒരുമാസത്തിനുള്ളിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് അന്തിമവിജ്ഞാപനം പുറെപ്പടുവിക്കാനുള്ള തയാറെടുപ്പിലാണ് ഗതാഗതവകുപ്പ്.
സ്വകാര്യബസുകൾക്ക് അന്യായമായി നൽകിയ ആനുകൂല്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നിരന്തരം സർക്കാറിനെ സമീപിച്ചിരുന്നു. ദീര്‍ഘദൂര സര്‍വിസുകളില്‍ മാത്രമാണ് കെ.എസ്.ആര്.ടി.സിക്ക് ലാഭം കിട്ടുന്നത്. ഇത്തരം സര്‍വിസുകള്‍ കൂടുതല്‍ നടത്തിയാല്‍ മാത്രമേ സാമൂഹിക പ്രതിബദ്ധത കാരണം ഓടിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഗ്രാമീണ റൂട്ടുകളിലെ നഷ്ടം നികത്താന്‍ സാധിക്കൂ.
മോട്ടോര്‍വാഹനച്ചട്ടം റൂള്‍ 2 (ഒ.ബി) പ്രകാരം ഓര്‍ഡിനറി സര്‍വിസുകളുടെ പരമാവധി സഞ്ചാരദൂരം 140 കിലോമീറ്ററാണ്. സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകൾ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആര്.ടി.സിക്ക് മാത്രമായി നിജപ്പെടുത്തി. ഇതിനെത്തുടർന്ന് പെര്‍മിറ്റ് നഷ്ടപ്പെട്ട 228 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനായാണ് അന്നത്തെ സർക്കാർ നിബന്ധനകൾ ഒഴിവാക്കി എത്ര ദൂരവും 'ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറി' എന്ന പേരിൽ സ്വകാര്യബസുകൾക്ക് ഒാടാൻ അനുമതി നൽകി കരട് വിജ്ഞാപനമിറക്കിയത്. ഇത് കെ.എസ്.ആർ.ടി.സി സർവിസുകളെ പ്രതികൂലമായി ബാധിച്ചു.
നിലവിലെ സർക്കാർ 2017 ൽ സഞ്ചാരദൂരം 140 കിലോമീറ്ററായി പരിമിതപ്പെടുത്തി അന്തിമ വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ ദൂരപരിധിയുടെ കാര്യത്തിൽ കരടിൽ പറഞ്ഞതിന് വിരുദ്ധമായ കാര്യം അന്തിമ വിജ്ഞാപനത്തിൽ വന്നതോടെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഇതിനെതുടർന്നാണ് ദൂരപരിധി കൃത്യമായി നിശ്ചയിച്ച് കരട് വിജ്ഞാപനമിറക്കി ആദ്യം മുതൽ നടപടി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.