ആലുവ: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വാരാപ്പുഴ സ്റ്റേഷനിലെ എ.എസ്.ഐ ജയാനന്ദനെയും മറ്റ് പൊലീസുകാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രേഖകളിൽ തിരിമറി കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്തും സ്റ്റേഷനിൽ കൊണ്ടു വരുന്ന സമയത്തും എ.എസ്.ഐയും പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതിനിടെ, ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തിരിച്ചറിയൽ പരേഡ് നടത്താൻ കോടതി അനുമതി നൽകി. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയരാക്കുന്നത്.
ശ്രീജിത്തിന്‍റെ അമ്മയെയും ബന്ധുക്കളെയും ദൃക്സാക്ഷികളെയും ഉൾപ്പെടുത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തുക. പരേഡ് എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാൽ, കേസിൽ റിമാൻഡിലായ വാരാപ്പുഴ എസ്.ഐ ജി.എസ്. ദീപക്കിന് തിരിച്ചറിയൽ പരേഡില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.