സ്റ്റാർട്ട്, ആക്ഷൻ, 'കട്ട്'; മീൻ മാർക്കറ്റിലെ മിന്നും താരമായി സുമതി ചേച്ചി

തൃശൂർ: തൃശൂർ ശക്തൻ പട്ടാളം ഗോൾഡൻ ഫ്ലീ മാർക്കറ്റിൽ മീൻ വിൽക്കുന്ന മിന്നും താരമുണ്ട്. 72കാരിയായ സുമതി ചേച്ചി. പത്തോളം സിനിമകളിൽ അഭിനയിച്ച ഇവർ 20 ാം വയസ്സുമുതൽ മീൻ വ്യാപാരത്തിനിറങ്ങിയതാണ്. ഇപ്പോഴും തൃശൂരിന്റെ ഹൃദയഭാഗത്ത് മീൻ വിറ്റും ലോട്ടറി ടിക്കറ്റ് വിറ്റും സജീവമാണ് നെടുപുഴ പനമുക്ക് സ്വദേശിനിയായ സുമതി. മാർക്കറ്റിൽ 19ാം നമ്പറായി 'സുമതിച്ചേച്ചിയുടെ മീൻകട'; അതാണ് കടയുടെ പേര്. മീൻ 'കട്ട്' ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം എത്രയാണോ അത്രത്തോളം സന്തോഷത്തിലാണ് അഭിനയവും.

2004ൽ മമ്മൂട്ടി നായകനായി ലാൽ സംവിധാനം ചെയ്ത 'ബ്ലാക്ക്' സിനിമയിലാണ് ആദ്യം മുഖം കാട്ടിയത്. മീൻ കച്ചവടം നടത്തുന്നത് കണ്ട് സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. കൊച്ചി മുരുക്കംപാടത്തായിരുന്നു ഷൂട്ടിങ്. പിന്നീട് ജോർജേട്ടൻസ് പൂരം, സ്വർണ കടുവ, സഖാവ്, വലിയ പെരുന്നാൾ, ഋതു, പുഴ, മിന്നുകെട്ട് (സീരിയൽ) തുടങ്ങി 10ഓളം ചലച്ചിത്രങ്ങളിൽ വേഷമിട്ടു.

മുഴുനീള വേഷങ്ങളല്ല. പ്രതിഫലം വാങ്ങിയിട്ടില്ല. പിതാവിനൊടൊപ്പം മത്സ്യം പിടിക്കാൻ ഇടക്ക് പോവുമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഭർതൃമാതാവിനോടൊപ്പമാണ് തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിൽ ആദ്യമായി മത്സ്യക്കച്ചവടത്തിനിറങ്ങിയത്. പിന്നീട് പൊലീസ് ക്വാർട്ടേഴ്സ്, മാർക്കറ്റ്പടി, അശോക ഇന്നിന് മുൻവശം... ഇപ്പോഴിതാ പട്ടാളം ഗോൾഡൻ ഫ്ലീ മാർക്കറ്റ്. പട്ടിക്കാട് സ്വദേശിനി സൗമ്യയും കൂട്ടിനുണ്ട്. കഴിഞ്ഞ ഒരുവർഷമായി കൈപ്പത്തിയിൽ മുള്ളു കയറി ബിസിനസിൽ അധികം സജീവമായിരുന്നില്ല. അപ്പോൾ ലോട്ടറിക്കച്ചവടവും കൂടെ കൊണ്ടുപോയി. ഓൺലൈനിലാണ് ഇപ്പോൾ വ്യാപാരം. ഭർത്താവ് സുബ്രൻ കൂലിപ്പണിക്കാരനാണ്. മൂന്ന് മക്കളുണ്ട്.

Tags:    
News Summary - start, action, ‘cut’; Sumathi Chechi became the shining star of the fish market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.