കൊച്ചി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കിരീടം തിരിച്ചുപിടിച്ച് പാലക്കാട്. 1383 പോയന്‍റോടെ മുന്നിലെത്തിയ പാലക്കാടിന് പിന്നിൽ മലപ്പുറം രണ്ടാമതെത്തി (1350). മൂന്നാമത് കണ്ണൂരും, 1338 പോയന്‍റ്. കഴിഞ്ഞ ശാസ്ത്രോത്സവം നടന്ന 2019ൽ പാലക്കാടിനെ അട്ടിമറിച്ച് കിരീടം സ്വന്തമാക്കിയ കോഴിക്കോടിന് ഇക്കുറി അഞ്ചാം സ്ഥാനമാണ് ലഭിച്ചത്.
അന്ന് ഇരുജില്ലക്കും ഒരേ പോയന്‍റാണ് ലഭിച്ചതെങ്കിലും കൂടുതൽ ഒന്നാം സ്ഥാനങ്ങൾ നേടിയത് കോഴിക്കോടിന് അനുകൂലമാകുകയായിരുന്നു. ഐ.ടി, സാമൂഹിക ശാസ്ത്രമേളകളിലെ ആധിപത്യമാണ് പാലക്കാടിനെ ഓവറോള്‍ വിജയത്തിലേക്കെത്തിച്ചത്.
സ്‌കൂള്‍ വിഭാഗത്തില്‍ ഇടുക്കി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് എച്ച്.എസ്.എസ് ഒന്നാമതായി (120 പോയന്‍റ്). കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (117) രണ്ടാം സ്ഥാനവും വയനാട് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് (113) മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രമേളയില്‍ തിരുവനന്തപുരവും പാലക്കാടും ഒന്നാം സ്ഥാനം പങ്കിട്ടു. ഇരുജില്ലക്കും 122 പോയന്റ്. ശാസ്ത്രമേളയിൽ അവസാന നിമിഷം വരെ മൂന്നാം സ്ഥാനത്തുനിന്ന തിരുവനന്തപുരം അട്ടിമറിയിലൂടെയാണ് മുന്നിലെത്തിയത്. 117 പോയന്റുള്ള കണ്ണൂര്‍ രണ്ടാം സ്ഥാനവും പത്തനംതിട്ട (116) മൂന്നാം സ്ഥാനവും നേടി.
സാമൂഹിക ശാസ്ത്രമേളയില്‍ മൂന്ന് പോയന്‍റ് വ്യത്യാസത്തില്‍ പാലക്കാട് തിരുവനന്തപുരത്തെയും മലപ്പുറത്തെയും മറികടന്ന് ഒന്നാമതെത്തി. 133 പോയന്റാണ് പാലക്കാടിന്. തിരുവനന്തപുരവും മലപ്പുറവും 130 പോയന്റ് വീതം സ്വന്തമാക്കി. എറണാകുളം (128) മൂന്നാമതായി.
പ്രവൃത്തി പരിചയമേളയില്‍ തൃശൂര്‍ (752) ചാമ്പ്യന്മാരായി. പാലക്കാട് (749), കണ്ണൂര്‍ (746) ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ശാസ്ത്രമേളയില്‍ പത്തനംതിട്ട കോന്നി ഗവ. എച്ച്.എസ്.എസും (35), സാമൂഹിക ശാസ്ത്രമേളയില്‍ എറണാകുളം കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസും (30), പ്രവൃത്തി പരിചയമേളയില്‍ കാസർകോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസും (91) മികച്ച സ്‌കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് ദിവസങ്ങളിലായി ആകെ 157 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. വൈകീട്ട് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി ആന്റണി രാജു ട്രോഫികള്‍ വിതരണം ചെയ്തു. മന്ത്രി പി. രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഗണിതശാസ്ത്ര മേളയില്‍ 262 പോയന്‍റോടെ മലപ്പുറം ചാമ്പ്യന്മാരായി. ആകെയുള്ള 14 ഇനങ്ങളില്‍ ആറിലും ജില്ല ഒന്നാമതെത്തി. അഞ്ച് ഒന്നാം സ്ഥാനം ഉള്‍പ്പെടെ 253 പോയന്റുമായി പാലക്കാട് രണ്ടാമത് ഫിനിഷ് ചെയ്തു. 242 പോയന്റുള്ള കണ്ണൂര്‍ മൂന്നാമതായി. 77 പോയന്റുനേടി മലപ്പുറം വളവന്നൂര്‍ ബി.വൈ.കെ.വി.എച്ച്.എസ്.എസ് മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയാണ് (97) മികച്ച സബ്ജില്ല.
എട്ടു മത്സരങ്ങള്‍ നടന്ന ഐ.ടി മേളയില്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ കോഴിക്കോടിനെ മറികടന്ന് പാലക്കാട് (126) ചാമ്പ്യന്മാരായി. കോഴിക്കോട് 125 പോയന്‍റ് നേടി. കണ്ണൂര്‍ (117) മൂന്നാമതെത്തി. സബ്ജില്ലകളില്‍ പട്ടാമ്പിയും വൈത്തിരിയും (37 പോയന്റ് വീതം) മികവുകാട്ടി. 20 പോയന്റുമായി കാസർകോട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം എച്ച്.എസ്.എസ് മികച്ച സ്‌കൂള്‍ പട്ടം നേടി.
ശാസ്ത്രോത്സവത്തിലെ സ്‌പെഷല്‍ സ്‌കൂള്‍ എച്ച്.ഐ വിഭാഗത്തില്‍ എറണാകുളം മാണിക്യമംഗലം സെന്‍റ് ക്ലെയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദി ഡെഫ് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്‌കൂള്‍ ഫോര്‍ ദ ഡെഫ് രണ്ടാം സ്ഥാനവും മലപ്പുറവും വാഴക്കാട് കാരുണ്യഭവന്‍ സ്‌കൂള്‍ ഫോര്‍ ദ ഡെഫ് മൂന്നാംസ്ഥാനവും നേടി.
സ്‌പെഷല്‍ സ്‌കൂള്‍ വി.ഐ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി അസീസി സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ജേതാക്കളായി. കോട്ടപ്പുറം എച്ച്.കെ.സി.എം.എം ബ്ലൈന്‍ഡ് സ്‌കൂള്‍ രണ്ടാമതും കോഴിക്കോട് മെഡിക്കല്‍ കോളജ് റഹ്മാനിയ വി.എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.