തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രസൗജന്യം വെട്ടിക്കുറക്കാനുള്ള കെ.എസ്.ആർ.ടി.സി നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ. കൺസഷൻ ഭാരം സ്വകാര്യ ബസ്സുകൾക്ക് മേൽ മാത്രം കെട്ടിവെക്കുന്നത് അനുവദിക്കില്ലെന്നും നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യബസ്സുടമകളും രംഗത്തെത്തി.
കെ.എസ്.യു, എസ്.എഫ്.ഐ, ഫ്രറ്റേനിറ്റി സംഘടനകളാണ് കെ.എസ്.ആർ.ടി.സിയുടെ നിർദേശത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. 25 കഴിഞ്ഞ വിദ്യാർഥികൾക്ക് ഇളവില്ല എന്ന കെ.എസ്.ആർ.ടി.സി തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു. ‘ഇളവ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഔദാര്യമല്ല. വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ല. ശക്തമായ പ്രക്ഷോഭം നടത്തും’ -അലോഷ്യസ് പറഞ്ഞു.
കെ.എസ്.ആർ.ടിസിയുടെ തീരുമാനം പിൻവലിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ‘കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമായ വിദ്യാർഥി യാത്രാ കൺസഷൻ്റെ കടയ്ക്കൽ കത്തി വെക്കുന്ന സമീപനമാണ് കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് സ്വീകരിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയില്ല. സെൽഫ് ഫിനാൻസിംഗ് കോളജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കപ്പെടും. സർക്കാർ - എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെയും ഉത്തരവ് ബാധിക്കും. പ്രായപരിധി 25 ആയി നിജപ്പെടുത്തിയ നടപടിയും അംഗീകരിക്കാനാവില്ല. കൺസഷനുമായി ബന്ധപ്പെട്ട പുതിയ തീരുമാനം ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം വലിയ വിദ്യാർത്ഥി പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരും’ -എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
കെ.എസ്.ആർ.ടി സി നടപടി വിദ്യാർഥികളോടുള്ള വഞ്ചനയും അവരുടെ വിദ്യാഭ്യാസ അവകാശത്തെ അട്ടിമറിക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേലല്ല അടിച്ചേൽപ്പിക്കേണ്ടത്. സർക്കാരിൻ്റെ കെടുകാര്യസ്ഥയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ തന്നെ ഒളിച്ചോടുന്ന നടപടിയാണിത്. ദീർഘ കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥി കൺസഷനിൽ കൈ വെക്കാനുള്ള സര്ക്കാര് നീക്കത്തിന് എതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് വ്യക്തമാക്കി.
അതേസമയം, കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കി കൺസഷൻ ഭാരം സ്വകാര്യ ബസ്സുകൾക്ക് മേൽ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നും വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നും സ്വകാര്യ ബസ്സുടമകൾ പറഞ്ഞു. ‘വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നതിന് സ്വകാര്യ ബസ്സുടമകൾ എതിരല്ല. എന്നാൽ നിരക്ക് വർധിപ്പിക്കുക തന്നെ വേണം’ -കേരളാ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ പറഞ്ഞു.
ആദായനികുതി നല്കുന്ന രക്ഷാകർത്താക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവ് നൽകേണ്ടെന്നും 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാർഥികള്‍ക്ക് കണ്സഷൻ നൽകേണ്ടെന്നുമാണ് തീരുമാനം. സ്വകാര്യ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും യാത്രാസൗജന്യമുണ്ടാകില്ല. എന്നാൽ, ബി.പി.എല്‍ പരിധിയില്‍വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും.
2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകറിന്റെ നിർദേശം. ഈ സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തും നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ വ്യാപകമായി അനുവദിക്കുന്ന ഇളവുകൾ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കുന്നു. ഒന്നിന് ചേരുന്ന കെ.എസ്.ആർ.ടി.സി ബോർഡ് യോഗം നിർദേശങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.