തെക്കൻ കേരളത്തെ അധിക്ഷേപിച്ചിട്ടില്ല, പറഞ്ഞത് നാടൻ കഥ; ആർക്കെങ്കിലും വിഷമമായെങ്കിൽ പിൻവലിക്കുന്നുവെന്ന് സുധാകരൻ

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും മലബാറിലെ ഒരു നാടൻ കഥയാണ് പറഞ്ഞതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അതിൽ ദുരുദ്ദേശ്യമില്ല. തന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് സുധാകരന്‍ പറഞ്ഞ മറുപടിയാണ് വിവാദമായത്.

രാവണനെ കൊലപ്പെടുത്തിയതിന് ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു രാമന്‍. തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണനൊരു ചിന്തവന്നു. എന്നാൽ തൃശൂരിൽ എത്തിയതോടെ ലക്ഷ്മണന്റെ ചിന്ത മാറി. പിന്നീട് അങ്ങനെ ചിന്തിച്ച് പോയതിൽ ലക്ഷ്മണന് കുറ്റബോധവുമുണ്ടായി. പക്ഷെ ഇത് മനസ്സിലായ രാമന്‍ ലക്ഷ്മണനെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. 'ഞാന്‍ നിന്റെ മനസ്സ് വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, നമ്മള്‍ കടന്നുവന്ന പ്രദേശത്തിന്റെ തെറ്റാണെന്നുമായിരുന്നു രാമന്‍ പറഞ്ഞതെന്നുമായിരുന്നു സുധാകരന്റെ പരാമർശം.

തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന ധ്വനി ഉയർത്തുന്നതായിരുന്നു സുധാകരന്റെ മറുപടി. വിവാദമായതോടയാണ് അദ്ദേഹം പരാമർശം പിൻവലിച്ചത്.

ശശി തരൂരിന് പരിചയക്കുറവുണ്ടെന്നാണ് പറഞ്ഞത്. 'ട്രെയ്‌നി' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പറഞ്ഞതും പറയാത്തതും മാധ്യമങ്ങൾ എഴുതുകയാണ്. തെറ്റായ പ്രചാരണം നടത്തി പാർട്ടി വളർത്തേണ്ട അവസ്ഥ കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sudhakaran says that if anyone feels bad, he will withdraw the remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.