കോട്ടയം: വേനൽ കടുത്തതോടെ, വരൾച്ചബാധിത പട്ടികയിൽ ഉൾപ്പെടുത്താത്ത അഞ്ചുജില്ലകൾക്കും പട്ടികയിൽ ഉൾപ്പെട്ടവക്ക് സമാനമായ പദ്ധതികൾ ആവിഷ്കരിക്കാൻ റവന്യൂ വകുപ്പ്. കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കാനും പദ്ധതിയുണ്ട്. നിലവിൽ ഒമ്പത് ജില്ലകളാണ് വരൾച്ചബാധിത പട്ടികയിൽ ഉള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെക്കൂടി ഇതിൽ ഉൾപ്പെടുത്താനാണ് ശ്രമം. എന്നാൽ, ഇതിന് നടപടിക്രമങ്ങൾ ഏറെയുണ്ടെന്ന് റവന്യൂ അഡീഷനൽ ചീഫ്െസക്രട്ടറി പി.എച്ച്. കുര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കുടിവെള്ള സ്രോതസ്സുകളിൽ ബഹുഭൂരിപക്ഷവും വറ്റിവരണ്ടു. ഭൂഗർഭജലത്തിനും കടുത്തക്ഷാമം നേരിടുന്നു.
ജലസ്രോതസ്സുകളായ 44 നദികളും കുളങ്ങളും ചെറുതും വലുതുമായ ഡാമുകളും തോടുകളും വറ്റിവരണ്ടതിനാൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. കാർഷിക മേഖലയിലും വേനൽ ദുരിതം വിതക്കുന്നു. ഹെക്ടർ കണക്കിന് പ്രദേശത്തെ കൃഷി ഉണങ്ങി. മലയോര മേഖലയിൽ കിണറുകളും ജലസ്രോതസ്സുകളും വറ്റിയതോടെ കുടിവെള്ളത്തിനായി ജനം നെേട്ടാട്ടമോടുകയാണ്. വേനൽമഴ കാര്യമായി ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. റവന്യൂ വകുപ്പിെൻറ പ്ലാസ്റ്റിക് കിയോസ്കുകൾ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ലെന്ന പരാതി വ്യാപകമാണ്. വേനലിൽ കാർഷിക വിളകൾ നശിച്ചത് കോടികളുടെ നഷ്മാണ് കർഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഏലം, കുരുമുളക് ചെടികളും വ്യാപകമായി കരിഞ്ഞുണങ്ങി. ഇൗ സാഹചര്യത്തിൽ കൂടുതൽ കേന്ദ്രസഹായം തേടാനും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വനം, മൃഗസംരക്ഷണ മേഖലകളിലും വേനൽ പ്രതിസന്ധി ഉണ്ടെന്ന് റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജില്ലകളിൽ ഏത് സാഹചര്യവും നേരിടാൻ ജില്ലഭരണകൂടം ജാഗ്രത പാലിക്കണമെന്നും ജലം പാഴാക്കുന്നവർക്കും മലിനപ്പെടുത്തുന്നവർക്കെതിരെയും കടുത്ത നടപടി വേണമെന്നും കലക്ടർമാർക്ക് നിർദേശം നൽകി. ഭൂഗർഭജലവിതാനം അപകടകരമായി താഴ്ന്നതിനാൽ കിണറുകളും കുഴൽകിണറുകളും നിർമിക്കുന്നതിന് നിയന്ത്രണം വേണമെന്ന നിർദേശവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.