തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനെ സി.പി.ഐ പുറത്താക്കിയതോടെ സി.പി.എം സമ്മർദത്തിൽ. കരുവന്നൂർ ബാങ്കിൽ സമാനമായ ആക്ഷേപം നേരിടുന്ന നേതാക്കളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്. കരുവന്നൂരിൽ അന്വേഷണം നേരിടുന്ന എ.സി. മൊയ്തീൻ എം.എൽ.എ, അറസ്റ്റിലായ പി.ആർ. അരവിന്ദാക്ഷൻ എന്നിവരെ സി.പി.എം ശക്തമായി പിന്തുണക്കുകയാണ്. കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെ സഹകരണ മേഖലക്കും പാർട്ടിക്കുമെതിരായ നീക്കമാണ് കരുവന്നൂരിലെ ഇ.ഡി ഇടപെടൽ എന്നാണ് സി.പി.എം വിശദീകരിക്കുന്നത്. എന്നാൽ, കണ്ടലയിൽ സി.പി.ഐയുടെ നിലപാട് വ്യത്യസ്തമാണ്. ഇ.ഡി സംഘം കണ്ടല ബാങ്കിൽ പരിശോധന തുടങ്ങിയതിനുശേഷം സി.പി.ഐ നേതാവ് ഭാസുരാംഗനെ പിന്തുണച്ച് സി.പി.ഐ നേതാക്കളാരും രംഗത്തുവന്നിട്ടില്ല.
അതേസമയം, കണ്ടല ബാങ്കിലെ അന്വേഷണത്തെക്കുറിച്ച് പ്രതികരണം തേടിയപ്പോൾ രാഷ്ട്രീയപ്രേരിതമായ ഇ.ഡി ഇടപെടലാണെന്നാണ് സി.പി.എമ്മിലെ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചത്. കരുവന്നൂർ ബാങ്കിലേതിന് സമാനമാണിതെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ പ്രതികരണം മന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ്. കണ്ടലയിലേത് ഗൗരവതരമായ സാഹചര്യമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. അതുകൊണ്ടാണ് ഭാസുരാംഗനെതിരെ പാർട്ടി നടപടി സ്വീകരിച്ചതെന്നും ജില്ല സെക്രട്ടറി വിശദീകരിക്കുന്നു.
മിൽമയിൽ നിന്നുകൂടി നീക്കിയതോടെ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉണ്ടാകുന്ന പരിക്ക് പരമാവധി ലഘൂകരിക്കാനാണ് സി.പി.ഐ നോക്കുന്നത്.
സി.പി.ഐയുടെ നീക്കം സി.പി.എമ്മിനുണ്ടാക്കുന്ന സമ്മർദം ചെറുതല്ല. കണ്ടലയുടെ പുറത്താക്കലും കരുവന്നൂരിലെ പിന്തുണയും പ്രതിപക്ഷം ആയുധമാക്കിയാൽ വിശദീകരിക്കാൻ സി.പി.എം വിയർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.