കരുമാല്ലൂർ: ഒരുവർഷത്തോളമായി ഹെൽപറില്ലാതെ പ്രവർത്തിക്കുന്ന അംഗൻവാടിയിൽനിന്ന് വർക്കർ ഒരു ദിവസം ലീവെടുത്തതിന് പഞ്ചായത്ത് പ്രസിഡൻറ് സസ്പെൻഡ് ചെയ്തു. കരുമാല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ 126ാം നമ്പർ അംഗൻവാടി വർക്കർ ഇ.ആർ. ബിന്ദുവിനെയാണ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു സസ്പെൻഡ് ചെയ്തത്.
പഞ്ചായത്ത് കമ്മിറ്റി തീരുമാനം മറികടന്നാണ് നടപടിയെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതിക്കെതിരെ രംഗത്തുവന്നു. ജനുവരി 27നാണ് അവധിയെടുത്തത്. പകരം ചുമതല ഒരു എ.എൽ.എം.എസ്.സി അംഗത്തെ ഏൽപിച്ചിരുന്നു. അവർ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ തൊട്ടടുത്ത സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് ചില സി.പി.എം പ്രവർത്തകർ അംഗൻവാടിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
ഈ സംഭവത്തിനെതിരെ ആലുവ വെസ്റ്റ് പൊലീസിൽ വർക്കർ പരാതി നൽകിയിരുന്നു. സംഭവമറിഞ്ഞ് അംഗൻവാടിയിലെത്തിയ പ്രസിഡൻറ് വാർഡ് മെംബറെപ്പോലും അറിയിക്കാതെ അന്വേഷണം നടത്തിയത് രാഷ്ട്രീയവൈരാഗ്യം തീർക്കുന്നതിന് വേണ്ടിയാെണന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
തീരുമാനം പിൻവലിച്ച് പ്രസിഡൻറ് ഭരണസമിതിയോട് മാപ്പുപറയണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. യോഗത്തിൽ പാർലമെൻററി പാർട്ടി ലീഡർ എ.എം. അലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.