കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടത് ഉന്നത സ്വാധീനം ഉപയോഗിച്ചാണെന്ന് കസ്റ്റംസ്. ചികിത്സക്ക് വരുന്നവരെപോലും കോവിഡുകാലത്ത് ചെക്ക്പോസ്റ്റിൽ തടഞ്ഞുനിർത്തിയിട്ടുണ്ടെന്നും എന്നാൽ, സ്വപ്ന ചെക്ക്പോസ്റ്റിൽ സ്വന്തം പേരെഴുതി നൽകിയാണ് പോയതെങ്കിലും പിടിച്ചില്ലെന്നത് ഇവരുടെ സ്വാധീനം വ്യക്തമാക്കുെന്നന്നും എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയെ കസ്റ്റംസ് അറിയിച്ചു.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കസ്റ്റംസ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. സ്വപ്നക്കെതിരെ ശക്തമായ തെളിവുണ്ടെന്നും കുറ്റസമ്മത മൊഴി മാത്രമല്ലെന്നും കസ്റ്റംസ് അറിയിച്ചു. സന്ദീപ് നായരുടെ ഭാര്യ സൗമ്യയും സ്വപ്നക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജിൽ സ്വർണമുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇവർ ഇത് തിരിച്ചയക്കാൻ ശ്രമിച്ചത്.
പുലർച്ച ഒന്നിന് പ്രതികൾ ഫ്ലാറ്റിൽ ഒരുമിച്ചുകൂടിയത് സ്വർണക്കടത്തിലെ ഗൂഢാലോചനക്കാണ്. അല്ലാതെ കോവിഡ് ചർച്ചക്കോ പ്രാർഥനക്കോ അല്ല. ഇത്തരത്തിൽ സ്വാധീനമുള്ളവരെ ജാമ്യത്തിൽ വിട്ടയച്ചാൽ പിന്നെ കേസിെൻറ അവസ്ഥ എന്താവുമെന്നും കസ്റ്റംസ് ചോദിച്ചു. അതേസമയം, കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായ സ്വപ്നക്ക് ഭരണത്തിൽ സ്വാധീനമുണ്ടാവുക സ്വാഭാവികമാണെന്നും അതിൽ എന്താണ് തെറ്റെന്നുമായിരുന്നു പ്രതിഭാഗത്തിെൻറ വാദം. പൊലീസിലും സ്വപ്നക്ക് സ്വാധീനമുണ്ടാകാം.
പേക്ഷ കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണെന്നും ഈ അന്വേഷണത്തെ സ്വപ്നക്ക് എങ്ങനെയാണ് സ്വാധീനിക്കാൻ കഴിയുകയെന്നും പ്രതിഭാഗം ചോദിച്ചു. ഒരുമാസം അന്വേഷിച്ചിട്ടും കേസിന് ഒരു തെളിവുമില്ലെന്നും ജാമ്യം നൽകണമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ഹരജി വിധി പറയാൻ ഈ മാസം 12ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.