മൻസിയക്ക് അവസരം നിഷേധിച്ചതിന് പിന്നാലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രി രാജിവെച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നർത്തകി മൻസിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയിൽ നിന്നാണ് തന്ത്രി പ്രതിനിധി എൻ.പി.പി നമ്പൂതിരിപ്പാട് രാജിവെച്ചത്. മൻസിയക്ക് അവസരം നിഷേധിച്ചതില്‍ ക്ഷേത്ര ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്.

പരമേശ്വരന്‍ നമ്പൂതിരിപ്പാട് രാജി നല്‍കിയെന്നും എന്നാല്‍ ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്റെ പ്രതികരണം. ആരോഗ്യപ്രശ്‌നങ്ങളാലാണ് രാജിയെന്ന് കത്തില്‍ പറയുന്നു. ബുധനാഴ്ച ക്ഷേത്രം തന്ത്രിമാരുടെ ഒരു യോഗം ഭരണസമിതി വിളിച്ചുചേര്‍ത്തിട്ടുണ്ട്. തന്ത്രി പ്രതിനിധിയുടെ രാജിയും ഇതില്‍ ചര്‍ച്ചചെയ്യുമെന്നാണ് വിവരം.

ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതിൽക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകരുടെ വിശദീകരണം.

മൻസിയക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നു. മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തിൽ കലാകാരിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല പറഞ്ഞു. വിശ്വാസികളായ അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദേവസ്വം ചെയർമാൻ പ്രദീപ് മേനോന് ഹിന്ദു ഐക്യവേദി നിവേദനം നൽകി. മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മന്‍സിയ. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം.എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്.

Tags:    
News Summary - Tantri of Koodalmanikyam temple resigned after Mansia was denied the opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.