തിരുവനന്തപുരം: പ്രൈമറിതലം മുതൽ ഹയർസെക്കൻഡറിവരെയുള്ള സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാൻ ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിളിച്ച യോഗം രണ്ടാം ദിവസവും അധ്യാപക സംഘടനകൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. 13 അധ്യാപക സംഘടനകളാണ് ഇറങ്ങിപ്പോയത്. ഇതിനെതിരെ സംയുക്ത അധ്യാപക സമിതി സമരപ്രഖ്യാപനവും നടത്തി. ഈ മാസം 12ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരപ്രഖ്യാപന ധർണ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭാഗികമായി സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ വിദ്യാഭ്യാസ ഘടന തകർക്കുന്ന തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് അധ്യാപക സംഘടന പ്രതിനിധികൾ കുറ്റപ്പെടുത്തി.
അടിയന്തരമായി റിപ്പോർട്ട് നടപ്പാക്കുന്നതിൽനിന്ന് പിന്മാറണം. അധ്യാപക സംഘടനകളെ രണ്ട് തട്ടിലാക്കി വെവ്വേറെ യോഗം വിളിച്ചതിലും ഭാരവാഹികൾ പ്രതിഷേധിച്ചു. ചൊവ്വാഴ്ച ക്യു.ഐ.പി അധ്യാപക സംഘടനകളെയും ബുധനാഴ്ച മറ്റ് സംഘടനകളെയുമാണ് ചർച്ചക്ക് വിളിച്ചത്. ചൊവ്വാഴ്ച പ്രതിപക്ഷ അധ്യാപക സംഘടനകളായ കെ.പി.എസ്.ടി.എയും കെ.എസ്.ടി.യുവുമാണ് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയത്. ബുധനാഴ്ച ഹയർസെക്കൻഡറി മേഖലയിലെ നാല് സംഘടനകളായ എ.എച്ച്.എസ്.ടി.എ, കെ.എച്ച്.എസ്.ടി.യു, എച്ച്.എസ്.എസ്.ടി.എ, കെ.എ.എച്ച്.എസ്.ടി.എ ഉൾപ്പെടെ 13 സംഘടനകളാണ് ഇറങ്ങിപ്പോയത്. പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി ഡയറക്ടറേറ്റുകൾ നിലനിർത്തിയാൽ മാത്രമേ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുകയുള്ളൂവെന്നും ലയനവുമായി സർക്കാർ മുന്നോട്ടുപോകുന്നത് ചില ഗൂഢമായ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണെന്നും സംഘടനകൾ ആരോപിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ഘടനാപരമായ മാറ്റനിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ട് നടപ്പാക്കുന്നതിന് അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്മെന്റുകളുടെയും പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു. ഘടനയിലുള്ള പ്രധാന പോരായ്മയായി വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം വിവിധ ഡയറക്ടർമാരുടെ കീഴിലാണ് എന്നതാണ്. ഇതിന്റെ തുടർച്ചയായി ഒരേ കാമ്പസിൽതന്നെ വിവിധ ഡയറക്ടർമാരുടെ കീഴിലുള്ള വിവിധ സ്ഥാപന മേധാവികൾ നിലനിൽക്കുന്നു. ഇവർ തമ്മിലുണ്ടാകുന്ന തർക്കം ഗുണമേന്മ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് തടസ്സമാണ്.
ഒരു കാമ്പസിൽതന്നെ വ്യത്യസ്ത സ്ഥാപനങ്ങൾ എന്ന നിലയിൽ പ്രവർത്തിക്കുന്നത് വിഭവങ്ങൾ പങ്കുവെക്കാനും വിഭവങ്ങളുടെ മികച്ച വിനിയോഗത്തിനും തടസ്സമാകുന്നു. വിവിധ ഡയറക്ടർമാർ നൽകുന്ന നിർദേശങ്ങളിലും പലപ്പോഴും വൈരുധ്യങ്ങളും ഉണ്ടാകുന്നു. ഇതും ബാധിക്കുന്നത് സ്കൂളുകളെയാണ്. ഇത് ഒഴിവാക്കാൻ വിദഗ്ധസമിതി മുന്നോട്ടുവെച്ച നിർദേശങ്ങളാണ് വിവിധ ഡയറക്ടറേറ്റുകളെ ഏകോപിച്ച് ഒരു ഡയറക്ടറുടെ കീഴിൽ കൊണ്ടുവരണമെന്നത്. സ്കൂൾ കാമ്പസിൽ ഒരു സ്ഥാപനമേധാവിയും ഉണ്ടാകണം. സംസ്ഥാനതലത്തിലും സ്കൂൾതലത്തിലും ഏകോപനം നടക്കുന്നതോടെ ഇവക്കെല്ലാം ആവശ്യമായ സഹായ സംവിധാനങ്ങളായി പ്രവർത്തിക്കേണ്ട വിവിധ തലങ്ങളിലുള്ള ഓഫിസുകളും ഏകീകരിക്കപ്പെടണം. ഏകീകരണം വരുന്ന ഘട്ടത്തിൽ നിലവിലുള്ള അധ്യാപകരുടെ വേതന വ്യവസ്ഥയിലോ സ്ഥാനക്കയറ്റ കാര്യങ്ങളിലോ കുറവുണ്ടാവില്ല. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ വർധിക്കാൻ ഇടയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.