വർക്കല: 91ാമത് ശിവഗിരി തീർഥാടനകാലത്തിന് തുടക്കമായി. കഴിഞ്ഞ 15ന് ആരംഭിച്ച തീർഥാടന കാലം ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്. മുൻ വര്‍ഷങ്ങളില്‍ ഡിസംബര്‍ അവസാനമായിരുന്നു തീർഥാടന ദിനങ്ങളായി കണക്കാക്കിയിരുന്നത്. ഭക്തരുടെ സൗകര്യാർഥമാണ് ഇത്തവണ മുതൽ കൂടുതൽ ദിവസങ്ങള്‍ ഉൾപ്പെടുത്തി തീർഥാടന കാലം നീട്ടിയത്. ഡിസംബർ 29വരെ പ്രഭാഷണങ്ങളും വിശേഷാല്‍ സമ്മേളനങ്ങളും നടക്കും. 20 വരെ ദിവസവും രാവിലെ 10 മുതല്‍ വിവിധ വിഷയങ്ങളിൽ ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ ഗുരുധര്‍മ പ്രബോധനം നടക്കും. 21ന് രാവിലെ മുതല്‍ പാരമ്പര്യവൈദ്യ സമ്മേളനം. ഇതിൽ വൈദ്യ പരിശോധനയും സൗജന്യചികിത്സയും ഉൾപ്പെടുന്നുണ്ട്.
22 മുതല്‍ 25 വരെ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ സ്വാമി സച്ചിദാനന്ദ നയിക്കുന്ന ദിവ്യപ്രബോധനവും ധ്യാനവും നടക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ ഭക്തർക്ക് ധ്യാനസന്ദേശം നല്‍കും. സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ഥ എന്നിവര്‍ ഗുരു രചിച്ച ഹോമമന്ത്രം ഉപയോഗിച്ചുള്ള ശാന്തിഹോമത്തില്‍ പങ്കാളികളാകും.
ഗുരുധർമ പ്രചാരണ സഭയുടെ ആഭിമുഖ്യത്തില്‍ 21ന് സർവമത സമ്മേളന പദയാത്രയും 24ന് വൈക്കം സത്യഗ്രഹ ശതാബ്ദി സ്മൃതി പദയാത്രയും കുമാരനാശാന് സ്മൃതി പദയാത്രകൾ എത്തിച്ചേരും. വിവിധ എസ്.എന്‍.ഡി.പി യൂനിയനുകളുടെയും ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നൂറിലധികം പദയാത്രകളും ശിവഗിരിയില്‍ എത്തും. 26ന് നടക്കുന്ന സർവമത സമ്മേളനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.
27ന് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണസഭയുടെ സമ്മേളനം നടക്കും. 28ന് നടക്കുന്ന കുമാരനാശാൻ ചരമ വാർഷിക ശതാബ്ദി സമ്മേളനം കവി വിശ്വമംഗലം സുന്ദരേശന് ഉദ്ഘാടനം ചെയ്യും. ശിവഗിരി തീർഥാടന മത്സരപരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും. 29ന് ഗുരു ശിവഗിരിയില്‍ ആരംഭിച്ച മാതൃകാപാഠശാലയുടെ ശതാബ്ദി, സ്വാമി ശ്രീനാരായണ തീർഥർ ആരംഭിച്ച കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂളിന്റെ നവതി ആഘോഷം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.