കൊണ്ടോട്ടി\താനൂർ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയെ കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി മമ്മാലിന്‍റെ പുരക്കല്‍ സൗജത്താണ്(36) മരിച്ചത്. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം.
കേസിലെ കൂട്ടുപ്രതിയായ സൗജത്തിന്‍റെ സുഹൃത്തിനെ താനൂര്‍ തെയ്യാല സ്വദേശി ബഷീറിനെ കോട്ടക്കലിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വലിയപറമ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സൗജത്തിനെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഷീറിനെ കോട്ടക്കലിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച വിവരം ഇയാൾ സഹോദരിയെ വിളിച്ചറിയിച്ചതിനെ തുടർന്ന് ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2018 ഒക്ടോബറില്‍ താനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസില്‍ പ്രതികളാണ് ഇരുവരും. സൗജത്തിന്‍റെ ഭര്‍ത്താവും മത്സ്യത്തൊഴിലാളിയുമായ താനൂർ അഞ്ചുടി സ്വദേശി പൊക്കത്ത് സവാദിനെ ഉറങ്ങിക്കിടക്കുന്നതിനിടെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയെന്നാണ് കേസ്.
തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് സവാദ് ക്രൂരമായി കൊല്ലപ്പെട്ടത്. ഗൾഫിലായിരുന്ന ബഷീർ രഹസ്യമായി നാട്ടിലെത്തിയശേഷം സൗജത്തിന്‍റെ സഹായത്തോടെ കൊല നടത്തി ഗൾഫിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. ബഷീറിനും സൗജത്തിനും ഒരുമിച്ച് ജീവിക്കാനാണ് സവാദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റിമാൻഡിലായിരുന്ന ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേന്ദ്രങ്ങളിൽ താമസിച്ചുവരുകയായിരുന്നു.
ആറുമാസമായി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ബഷീറും സൗജത്തുമായി തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ബഷീര്‍. സൗജത്തിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.