മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളില്‍ ശുചിമുറികൾ (ടോയ്ലറ്റ്) നിര്‍മിക്കാനും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനും തദ്ദേശവകുപ്പ് 2.25 കോടി അനുവദിച്ചു. ശുചിത്വ മിഷന് വിവിധ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സി.എസ്.ആര്) ഫണ്ടിനത്തില്‍ നല്കിയ തുകയില്‍ മിച്ചമുള്ളവയാണിത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുക. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഇല്ലാതാക്കുകയെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വ്യക്തിഗത ഗാര്‍ഹിക ശുചിമുറി യൂനിറ്റ് ചെലവിന് പുറമെ അധിക സഹായം നല്കാൻ, ശുചിത്വമിഷന് വിവിധ സ്ഥാപനങ്ങള്‍ സി.എസ്.ആര് ഫണ്ട് നല്‍കിയിരുന്നു.
നേരത്തെ ബാക്കി വന്ന ഈ തുക സ്കൂളുകളില്‍ ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായി 'കലക്ടേഴ്സ് അറ്റ് സ്കൂള്‍' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 780 വിദ്യാലയങ്ങളില്‍ 3040 മാലിന്യശേഖര കൊട്ടകൾ സ്ഥാപിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിെൻറ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ശുചിമുറികള്‍ നിര്‍മിക്കാനും മാലിന്യങ്ങള്‍ സംസ്കരിക്കുവാനും നിശ്ചയിച്ചത്.
തദ്ദേശസ്ഥാപനങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ശുചിമുറികളുടെ നിര്‍മാണത്തിന് പദ്ധതിചെലവിെൻറ 50 ശതമാനം തുകയാണ് (ഏഴ് ലക്ഷം) സി.എസ്.ആര് ഫണ്ടായി വകയിരുത്തുകയെന്നും ആവശ്യമെങ്കില്‍ അധികമായി ലഭ്യമാക്കുന്ന തുക പൊതുസ്ഥലങ്ങളില്‍ തള്ളുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാൻ ഉപയോഗിക്കാമെന്നും ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി. ഇവയുടെ അടിസ്ഥാനത്തിലാണ് തദ്ദേശവകുപ്പ് സ്പെഷല്‍ സെക്രട്ടറി ആര്.എസ്. കണ്ണന് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.