കണ്ണൂർ: മുഖ്യമന്ത്രി സി.പി.എമ്മിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് ശാസിക്കാനും തിരുത്താനും അധികാരമുണ്ടെന്നും മട്ടന്നൂർ നഗരസഭ മുൻ ചെയർമാനും മുൻ മന്ത്രി കെ.കെ. ശൈലജയുടെ ഭർത്താവുമായ കെ. ഭാസ്കരൻ. മാധ്യമങ്ങൾ അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും പ്രചരിക്കുന്ന തരത്തിൽ ഒന്നും മട്ടന്നൂരിലെ നവകേരള സദസ്സിലുണ്ടായിട്ടില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
മട്ടന്നൂരിൽ നവകേരള സദസ്സിൽ അധ്യക്ഷത വഹിച്ച കെ.കെ. ശൈലജയുടെ പ്രസംഗം കൂടിപ്പോയെന്നും മട്ടന്നൂരിലേതിനേക്കാൾ വലിയ ആൾക്കൂട്ടം മറ്റിടത്തും ഉണ്ടായെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെയുണ്ട് ജനക്കൂട്ടം എന്ന നിലക്ക് ഞാൻ മുഖ്യമന്ത്രിയോട് സൗഹൃദ സംഭാഷണത്തിൽ ചോദിച്ചിരുന്നു. അദ്ദേഹം അക്കാര്യം പ്രസംഗത്തിൽ ഉദ്ധരിക്കുകയും ചെയ്തു. അതിലെന്താ പ്രശ്നം?. അതൊന്നും അത്ര വലിയ കാര്യമല്ല. അദ്ദേഹം രാജ്യത്തെ തന്നെ മുതിർന്ന നേതാക്കളിലൊരാളാണ്. അദ്ദേഹം പറഞ്ഞതിൽ വിവാദമാക്കാൻ ഒന്നുമില്ല. മട്ടന്നൂരിൽ വൻ ജനക്കൂട്ടമാണ് നവകേരള സദസ്സിന് എത്തിയതെന്നും സി.പി.എം ഏരിയ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം വിശദീകരിച്ചു.
ബുധനാഴ്ച മട്ടന്നൂരിൽ നടന്ന നവകേരള സദസ്സിൽ കെ.കെ. ശൈലജയുടെ അധ്യക്ഷ പ്രസംഗം കൂടിപ്പോയെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ‘നിങ്ങളെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ബഹുമാന്യയായ അധ്യക്ഷക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറേ കാര്യങ്ങള്‍ സംസാരിക്കണം എന്ന് തോന്നിയെന്നും അതിനാൽ പ്രസംഗം ചുരുക്കുന്നുവെന്നു’മാണ് മുഖ്യമന്ത്രി സംസാരിച്ചത്. ‘സൗഹൃദ സംഭാഷണത്തില്‍ ഭാസ്‌കരന്‍ മാഷ് എന്നോട് ചോദിച്ചു എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയൊരു പരിപാടിയാണെന്ന് ഞാൻ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. വലിയ വലിയ പരിപാടികളൊക്കെ കണ്ട് ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.