ഗൾഫ് മുതൽ ആഫ്രിക്കവരെയുള്ള പ്രവാസികളുടെ സംവാദ വേദിയായി പൊതുസഭ

തിരുവനന്തപുരം: ആഗോള പ്രവാസി മലയാളികളുടെ പരിഛേദമായി മാറിയ ലോകകേരള സഭയുടെ പൊതുസഭയിൽ ശനിയാഴ്ച രാവിലെ നടത്തിയ മേഖലതല ചർച്ചകളുടെ റിപ്പോർട്ടിങ് വിശ്വമലയാളികളുടെ ക്രിയാത്മക നിർദ്ദേശങ്ങളുടെ സംവാദ വേദിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെയും പ്രെസീഡിയം അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന പൊതുസഭയിൽ ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾ മുതൽ ആഫ്രിക്കയിൽ കേരളത്തിനുള്ള കയറ്റുമതി സാധ്യതകൾ വരെ ചർച്ചയായി. ഗൾഫ് രാജ്യങ്ങൾ, ഏഷ്യാ പസഫിക് മേഖല, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ സംസ്ഥാനങ്ങൾ, തിരികെ എത്തിയ പ്രവാസികൾ എന്നിങ്ങനെ വിഭജിച്ച് വെള്ളിയാഴ്ച രാത്രി നടത്തിയ മേഖല തല ചർച്ചകളിൽ ഉയർന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങളാണ് ചുമതലപ്പെട്ട സഭാംഗങ്ങൾ സമാഹരിച്ച് പൊതുസഭയിൽ അവതരിപ്പിച്ചത്.

പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കുന്നവരുടെ പ്രായപരിധി 65 ആയി ഉയർത്തണം, മുഴുവൻ പ്രവാസികളെയും ക്ഷേമനിധിയും അംഗമാക്കാൻ നടപടിയെടുക്കണം, വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് കാറ്റഗറി ആക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം, പ്രവാസികളുടെ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പലിശരഹിത ലോൺ അനുവദിക്കണം, സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോർക്ക കൗണ്ടർ ആരംഭിക്കണം, വിദേശരാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണം, നോർക്ക സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് തൊഴിൽസംവരണം അനുവദിക്കണം, മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് നോർക്ക നൽകുന്ന സാമ്പത്തിക സഹായം ഒരു ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി വർധിപ്പിക്കണം, നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വ്യവസായം ആരംഭിക്കാൻ സിംഗിൾ വിൻഡോ ചാനൽ ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഗൾഫ് മേഖലയിലെ പ്രവാസികളിൽ നിന്നും ഉയർന്നത്.

കാർഷിക മേഖലയിൽ വിയറ്റ്നാമുമായി സഹകരിക്കണം, തൊഴിൽ വിസ തട്ടിപ്പുകളെക്കുറിച്ച് ബോധവൽക്കരണം നടത്തണം, വിവിധ രാജ്യങ്ങളിലെ വിസ നിയമങ്ങൾ പഠിച്ചു നോർക്ക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം, എമിഗ്രേഷൻ ഓറിയന്റേഷൻ ആരംഭിക്കണം, സിംഗപ്പൂരിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കണം, ഏഷ്യ പസഫിക് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണം,മൈഗ്രേഷൻ വിഷയത്തിൽ അവഗാഹമുള്ള  അഭിഭാഷകരുടെ പാനൽ തയ്യാറാക്കണം, നഴ്സിംഗ് കരിക്കുലം പരിഷ്‌കരിക്കണം, മലയാളം മിഷൻ പുസ്തകങ്ങൾ പരിഷ്‌കരിക്കണം, നഴ്സിങ് മേഖലയിൽ സ്‌കിൽ സർട്ടിഫിക്കറ്റ് ഏർപ്പെടുത്തണം എന്നിവയാണ് ഏഷ്യാ പസഫിക് മേഖലയിലെ പ്രവാസികൾ ഉയർത്തിയ ആവശ്യങ്ങൾ.

അമേരിക്കയിൽ നോർക്കയുടെ സ്ഥിരം ഹെല്പ് ഡെസ്‌ക് ആരംഭിക്കണം, നഴ്സിംഗ് ഫിനിഷിംഗ് സ്‌കൂൾ തുടങ്ങണം, കാനഡയിൽ പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് കൗൺസലിങ്, ഏകീകൃത ട്രെയിനിങ്, നിയമസഹായം, അഡിക്ഷൻ ബോധവൽക്കരണം എന്നിവയ്ക്ക് സംവിധാനം ഏർപ്പെടുത്തണം, നോർക്കയുടെ വനിതാ സെൽ കാര്യക്ഷമമാക്കണം, കരീബിയൻ ദ്വീപുകളിലേക്ക് ആഴ്ചയിൽ ഡയറക്റ്റ് വിമാന സർവീസ് ആരംഭിക്കണം, ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച പ്രവാസി ഹൃസ്വ ചിത്രത്തിന് പുരസ്‌കാരം ഏർപ്പെടുത്തണം എന്നിവയാണ് അമേരിക്കൻ മേഖലയിൽ നിന്നുള്ള പ്രവാസികൾ ഉയർത്തിയ പ്രധാന ആവശ്യങ്ങൾ.

Tags:    
News Summary - The General Assembly as a forum for diaspora from the Gulf to Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.