നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാന്‍ അനുനയനീക്കവുമായി സര്‍ക്കാര്‍. വെള്ളിയാഴ്ച സഭാസമ്മേളനം പിരിഞ്ഞ ശേഷം പാര്‍ലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നിയമസഭയിലെ റിട്ടയറിങ് മുറിയിലെത്തി കണ്ടു. തിങ്കളാഴ്ചക്ക് മുമ്പ് തർക്കങ്ങൾക്ക് പരിഹാരം കാണാൻ സഹകരിക്കണമെന്ന് മന്ത്രിയും സഹകരിക്കുന്നതില്‍ വിയോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവും അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവും ചര്‍ച്ച നടത്തിയേക്കും.

ചർച്ചക്ക് തയാറാണെങ്കിലും ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി രാധാകൃഷ്ണനുമായി 15 മിനിറ്റോളം നീണ്ട ചർച്ചയിൽ പ്രതിപക്ഷനേതാവ് വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനുള്ള അനുമതി, സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്കെതിെരയും രണ്ട് ഭരണപക്ഷ എം.എല്‍.എമാർക്കെതിരെയും നടപടി, ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ കേസ് പിൻവലിക്കുക, കെ.കെ. രമ എം.എൽ.എയുടെ പരാതിയിൽ കേസെടുക്കുക എന്നീ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്.

സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും ചർച്ചക്ക് തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടപ്പോൾ അതിന് സന്നദ്ധമാണെന്നും എന്നാൽ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും സതീശൻ അറിയിച്ചു. അനുരഞ്ജനത്തിന് സര്‍ക്കാര്‍ തയാറായെങ്കിലും പ്രതിപക്ഷ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടായാൽ മാത്രമേ തർക്കത്തിന് പരിഹാരമാകൂ.

നിയമസഭയിലെ സംഘർഷം: ദൃശ്യങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: കഴിഞ്ഞദിവസം നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ വ്യക്തത വരുത്താൻ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. പരിക്കേറ്റ എം.എല്‍.എമാരെയും വാച്ച് ആന്‍ഡ് വാര്‍ഡുകളെയും ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. ജനറല്‍ ആശുപത്രിയിലാണ് ഇരുകൂട്ടരും ചികിത്സ തേടിയത്. വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നതിനാല്‍ മൊഴിയെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.

തെളിവ് ശേഖരണത്തിനായി നിയമസഭ സെക്രട്ടറിക്ക് ഉടൻ കത്ത് നൽകും. അനുമതി ലഭിച്ചാൽ നിയമസഭ ഇടനാഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. നിയമസഭ സമുച്ചയത്തിലും തെളിവെടുക്കേണ്ടതുണ്ട്. അതിന് സ്പീക്കറുടെ അനുമതി തേടും. ഭരണ-പ്രതിപക്ഷത്തിന്‍റെ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഭരണപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റവും ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ രണ്ട് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളുമാണ് ചുമത്തിയത്.

അതിനിടെ, സംഘർഷത്തിനിടെ കൈക്ക് പരിക്കേറ്റ കെ.കെ. രമ ഡി.ജി.പിക്ക് നല്‍കിയ പരാതി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് തുടര്‍നടപടിക്കായി കൈമാറി. ഈ പരാതിയും മ്യൂസിയം പൊലീസിന് കൈമാറും. അറസ്റ്റ് ഉള്‍പ്പടെ നടപടികള്‍ ഉടനുണ്ടാകില്ലെന്നാണ് വിവരം. 

Tags:    
News Summary - The government has come up with a persuasive move to cool the opposition protest in the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.