തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള നിർദേശം നിരസിച്ചതുൾപ്പെടെ വിഷയങ്ങളിൽ സർക്കാറുമായി ഇടഞ്ഞ് ചാൻസലർ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ അയഞ്ഞു. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ പരിശോധിച്ചുതുടങ്ങി.
അമേരിക്കയിലേക്ക് ചികിത്സക്ക് പുറപ്പെടുംമുമ്പ് മുഖ്യമന്ത്രി ഗവർണറെ ഫോണിൽ വിളിച്ച് സർവകലാശാലകളുടെ ചാൻസലർ പദവിയിൽ തുടരണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതോടെയാണ് ചാൻസലർ പദവിയിൽ തുടരില്ലെന്ന നിലപാടിൽനിന്ന് ഗവർണർ പിന്മാറിയത്. കേരള, കാലിക്കറ്റ് സർവകലാശാലകളിൽ നിന്നയച്ച മൂന്ന് ഫയലുകളാണ് കഴിഞ്ഞദിവസം ഗവർണർ പരിശോധിച്ചത്.
കാലിക്കറ്റ് സർവകലാശാലയിൽ യു.ജി.സി വ്യവസ്ഥകൾ ലംഘിച്ച്, വിരമിച്ച കോളജ് അധ്യാപകർക്ക് പ്രഫസർ പദവി നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ നിവേദനം അടുത്തദിവസം ഗവർണർ പരിഗണിക്കും. എന്നാൽ, കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് സംബന്ധിച്ച് ഹൈകോടതിയിൽ നിലവിലുള്ള കേസിൽ ഗവർണറുടെ നിലപാട് സർക്കാറിനും നിർണായകമാണ്. സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ക്രമവിരുദ്ധ നിയമനം നടത്തേണ്ടിവന്നതെന്ന് ഗവർണർ പരസ്യമായി പറഞ്ഞിരുന്നു. പുനർനിയമനത്തിനായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഗവർണർക്ക് അയച്ച രണ്ട് കത്തുകളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.