തിരുവനന്തപുരം: ഗവർണറുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന കാലിക്കറ്റ് സർവകലാശാലയിൽ നോമിനേറ്റഡ് സിൻഡിക്കേറ്റ് രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ മാറ്റിവെക്കാൻ സർക്കാർ തീരുമാനം. ഞായറാഴ്ച വൈകീട്ട് വരെയും അനുമതി ലഭിക്കാതെ വന്നതോടെയാണ് ബിൽ അവതരണം മാറ്റാൻ തീരുമാനിച്ചത്. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ചയിലെ സമയക്രമത്തിൽ ബിൽ അവതരണം ഉൾപ്പെടുത്തിയിരുന്നു. കാലിക്കറ്റിൽ തെരഞ്ഞെടുത്ത സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പകരം നോമിനേറ്റഡ് സിൻഡിക്കേറ്റിനായി ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. നോമിനേറ്റഡ് സിൻഡിക്കേറ്റ് നിലവിൽവന്നാൽ സെനറ്റ്, സിൻഡിക്കേറ്റ് യോഗങ്ങൾക്കായി 27,84,048 രൂപ ചെലവ് വരുമെന്ന് ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയതിനാൽ ഗവർണറുടെ അനുമതി ആവശ്യമാണ്. ഇതിനായി ഒരാഴ്ചയിലേറെ മുമ്പ് ബിൽ ഗവർണർക്ക് സമർപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു നോമിനേറ്റഡ് സിൻഡിക്കേറ്റിനുള്ള ബില്ലിന്റെ കാര്യവും സൂചിപ്പിച്ചിരുന്നു. എന്നാൽ, അനുകൂല പ്രതികരണമല്ല ഗവർണറിൽനിന്നുണ്ടായത്. സർവകലാശാല നിയമത്തിലെ 7(4) (ബി) വ്യവസ്ഥപ്രകാരം ചാൻസലറായ ഗവർണർക്ക് സിൻഡിക്കേറ്റ് നോമിനേറ്റ് ചെയ്യാൻ അധികാരമുണ്ട്. ഗവർണറുടെ അധികാരം കവരുന്നതാണ് ബിൽ എന്ന വിലയിരുത്തലിലാണ് അവതരണത്തിന് അനുമതി നിഷേധിച്ചത്.
അനുമതി നിഷേധിച്ചതോടെ കാലിക്കറ്റിൽ സിൻഡിക്കേറ്റിന് പകരം സംവിധാനം കൊണ്ടുവരാൻ സർക്കാർതലത്തിൽ ആലോചന തുടങ്ങിയിട്ടുണ്ട്. സിൻഡിക്കേറ്റിന്റെ അധികാരം വൈസ്ചാൻസലർക്ക് നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച് നിയമോപദേശത്തിനു ശേഷം തീരുമാനമെടുക്കാനാണ് സർക്കാർ തീരുമാനം. ഗവർണർ നേരിട്ട് നാമനിർദേശം ചെയ്യുന്നതിന്റെ സാധ്യതയാണ് രാജ്ഭവൻ പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.