ഗവർണർ -സെനറ്റ് വിവാദം ഉടൻ അവസാനിപ്പിക്കണമെന്ന് ഹൈകോടതി

കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം നിയന്ത്രിച്ചില്ലെങ്കിൽ കത്തിപ്പടരുമെന്ന് ഹൈകോടതി. ബന്ധപ്പെട്ട കക്ഷികൾക്കല്ലാതെ മറ്റാർക്കും താൽപര്യമില്ലാത്തതാണ് ഈ വിവാദം. പ്രശ്നപരിഹാരത്തിന് എല്ലാവരും ഇടപെടേണ്ട സമയമാണിത്.

മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സർവകലാശാലയെ ഈ രീതിയിൽ നശിപ്പിക്കരുത്. ഒട്ടേറെ ചുമതലകൾ നിർവഹിക്കാനുള്ള വി.സി ഇല്ലാതെ സർവകലാശാലക്ക് മുന്നോട്ട് പോകാനാവില്ല. സാങ്കേതിക പ്രശ്നങ്ങളിലും വിവാദങ്ങളിലും കുരുക്കി വി.സി നിയമനം വൈകിപ്പിക്കരുത്. വ്യക്തികളിലോ വിവാദങ്ങളിലോ അല്ല, സർവകലാശാലയുടെയും വിദ്യാർഥികളുടെയും ഭാവിയാണ് കോടതിയെ അലട്ടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പ്രശ്നപരിഹാരം നിർദേശിക്കാത്ത സർവകലാശാല നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, നിലപാടിൽ അത്ഭുതമുണ്ടെന്നും വ്യക്തമാക്കി. കേരള സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹരജികളിലാണ് കോടതി വാക്കാൽ അഭിപ്രായം പ്രകടിപ്പിച്ചത്.

നവംബർ നാലിലെ സെനറ്റ് യോഗത്തിൽ വി.സി സെർച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാനാവുമോയെന്ന കാര്യം അറിയിക്കാൻ ചൊവ്വാഴ്ച കേസ് പരിഗണിക്കവെ കോടതി നിർദേശിച്ചിരുന്നു.

എന്നാൽ, മുമ്പത്തെ നിയമപ്രശ്നങ്ങൾ മറികടന്ന ശേഷം മാത്രമേ സെർച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാവൂവെന്ന് ബുധനാഴ്ച സർവകലാശാലയുടെ അഭിഭാഷകൻ അറിയിച്ചു. ഇതിനായി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വി.സി വേണ്ടെന്നാണോ സർവകലാശാല നിലപാടെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. വി.സി നിയമനം ഉറപ്പാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്. നാലിന് ചേരുന്ന യോഗത്തിൽ സെനറ്റ് പ്രതിനിധിയെ നിർദേശിക്കുന്നില്ലെങ്കിൽ ഇതിനായി എന്ത് പദ്ധതിയാണ് ആലോചനയിലുള്ളതെന്ന് വ്യക്തമാക്കണം. സെനറ്റിൽ എന്ത് നടക്കുന്നുവെന്നതല്ല, വി.സി നിയമനമാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. സെനറ്റ് യോഗം ചേർന്ന് പ്രമേയം പാസാക്കി ചാൻസലറോട് അഭ്യർഥിക്കുകയാണ് ചെയ്തതെന്നാണ് സർവകലാശാല പറയുന്നത്. ചാൻസലറോട് പ്രമേയത്തിലൂടെ ഇങ്ങനെ അഭ്യർഥിക്കാനാവുമോ.

ചാൻസലറുടെ നടപടികൾക്ക് നിയമസാധുത ഉറപ്പാക്കാൻ ശ്രമിക്കുന്നവർ ഇത്തരമൊരു നടപടിക്ക് നിയമസാധുതയുണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടതല്ലേ. സർവകലാശാലകൾ പാസാക്കുന്ന പ്രമേയങ്ങളിൽ പ്രതികരിക്കാനുള്ള ബാധ്യത ചാൻസലർക്കില്ല. ചാൻസലറുടെ ഉത്തരവ് തെറ്റാണെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാവുന്നതല്ലേ. പരിമിതികൾ ഇരുഭാഗത്തുള്ളവരും മനസ്സിലാക്കുന്നില്ല. ഇക്കാര്യത്തിൽ വ്യക്തിപരമായ കാഴ്ചപ്പാടുകൾ തെറ്റും അനാവശ്യവുമാണ്. വിവാദങ്ങൾ അവസാനിപ്പിച്ച് വി.സി നിയമനത്തിനുള്ള നടപടികളാണ് ഇനി വേണ്ടത്. കാര്യങ്ങൾ പ്രഹസനമാക്കാതെ സർവകലാശാലയുടെ നിലവിലെ സംവിധാനം കാര്യക്ഷമമായി തുടർന്ന് പോകണം. സെനറ്റ് അംഗത്തെ നിയമിക്കാൻ സർവകലാശാല തയാറാകാത്തതിൽനിന്നാണ് പ്രശ്നം തുടങ്ങിയതെന്നത് തള്ളിക്കളയാനാവില്ല.

നവംബർ എട്ടിന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി പുറത്താക്കിയ സെനറ്റ് അംഗങ്ങൾക്ക് പകരം പുതിയ ആളുകളെ നാമനിർദേശം ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്നും വ്യക്തമാക്കി.

Tags:    
News Summary - The High Court should end the governor-senate controversy immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.