കൊച്ചി: അട്ടപ്പാടി മധുവധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി വിധിക്ക് ഹൈകോടതി സ്റ്റേ. തിങ്കളാഴ്ച വരെയാണ് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
പ്രതികളുടെ ജാമ്യം എന്തടിസ്ഥാനത്തിലാണ് റദ്ദാക്കാൻ സാധിക്കുകയെന്ന് ഹൈകോടതി ചോദിച്ചു. ജാമ്യം റദ്ദാക്കിയ വിചാരണ കോടതി വിധിക്കെതിരെ പ്രതികളായ മരക്കാർ, രാധാകൃഷ്ണൻ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കോടതി വീണ്ടും ഹരജിയിൽ വിശദമായ വാദം കേൾക്കും.
അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്‍റെ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും പലപ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. അതിന്‍റെ ഭാഗമായാണ് കേസിൽ 15 പേരെ വിസ്തരിച്ചപ്പോൾ 13 പേരും കൂറുമാറിയത്. സാക്ഷിവിസ്താരം നടത്താനിരിക്കുന്ന സാക്ഷികളെയും സ്വാധീനിച്ചുവെന്ന നിർണായക വിവരവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കൂടാതെ, മധുവിന്‍റെ അമ്മയെയും സഹോദരിമാരെയും പലപ്പോഴും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പ്രതികളായ മരക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് സാക്ഷികളെ വിളിച്ചത്. 63 തവണ വരെ ചിലർ സാക്ഷികളെ വിളിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഈ സാഹചര്യത്തിൽ സാക്ഷിവിസ്താരം കോടതി താൽകാലികമായി നിർത്തിവെച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ തീർപ്പാക്കിയ ശേഷം സാക്ഷി വിസ്താരം മതിയെന്നായിരുന്നു തീരുമാനം. ഈ ഹരജിയിൽ 16-ാം തീയതി വാദം പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.