ആ​ല​പ്പു​ഴ പു​ന്ന​മ​ട ഫി​നി​ഷി​ങ്​ പോ​യ​ന്‍റി​ൽ മു​ങ്ങി​യ ഹൗ​സ്​​ബോ​ട്ട്

രണ്ടിടത്ത് ഹൗസ്ബോട്ട് മുങ്ങി; 50 ലക്ഷത്തിന്‍റെ നഷ്ടം

ആലപ്പുഴ: പുന്നമടക്കായലിൽ രണ്ടിടത്തായി വെള്ളംകയറി ഹൗസ്ബോട്ടുകൾ മുങ്ങി. സഞ്ചാരികളുമായി ഓട്ടംകഴിഞ്ഞശേഷം പുന്നമട ഫിനിഷിങ് പോയന്‍റിൽ നിർത്തിയിട്ട ഹൗസ്ബോട്ട് പൂർണമായും മുങ്ങി. മല്ലൻഡോക് ഭാഗത്ത് തമിഴ്നാട്ടിൽനിന്നുള്ള ഏഴംഗ സംഘം സഞ്ചരിച്ച ഹൗസ്ബോട്ട് മുങ്ങി മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചൊവ്വാഴ്ച രാവിലെ 6.30ന് പുന്നമടയിലാണ് കൈതവന സ്വദേശി ജോസുകുട്ടി പടമുറ്റത്തി‍െൻറ ഉടമസ്ഥതയിലെ ഹൗസ്ബോട്ട് പൂർണമായും മുങ്ങിയത്. സഞ്ചാരികളെയും കാത്ത് മറ്റ് ബോട്ടുകൾക്കൊപ്പം കിടക്കുമ്പോഴായിരുന്നു അപകടം.

ബോട്ടിലെ മുറികളിൽ സൂക്ഷിച്ച ഫർണിച്ചറുകൾ, എ.സി, ജനററേറ്റർ, എൻജിൻ അടക്കമുള്ള സാധനസാമഗ്രികൾ നശിച്ചു. പ്രാഥമിക നിഗമനത്തിൽ 50 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷ സേന സ്ഥലത്ത് എത്തിയെങ്കിലും വെള്ളത്തിലേക്ക് പൂർണമായും താഴ്ന്നിരുന്നു. പിന്നീട് സ്വകാര്യ ബോട്ട് റിക്കവറി യൂനിറ്റി‍െൻറ സഹായത്തോടെ ഉച്ചയോടെയാണ് കായലിൽനിന്ന് ബോട്ട് ഉയർത്തിയത്. ടൂറിസം എസ്.ഐ ജയറാം, സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ് ഇബ്രാഹിം, എം. സരിക, സി. നകുലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

തമിഴ്നാട്ടിൽനിന്നുള്ള ഏഴംഗ വിനോദസഞ്ചാരികളുമായ തിങ്കളാഴ്ച പുലർച്ച മൂന്നിന് പോയ 'കോഹൗസ്' എന്ന ഹൗസ്ബോട്ടാണ് മല്ലൻഡോക് ഭാഗത്ത് മുങ്ങിയത്. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു.വെള്ളംകയറിയതോടെ പരിഭ്രാന്തരായ സംഘത്തെ ഹൗസ്ബോട്ടിലെ ജീവനക്കാരാണ് രക്ഷിച്ചത്. സംഭവം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്. അഗ്നിരക്ഷ സേനയടക്കമുള്ളവരെ വിവരം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. അപകടത്തിൽപെട്ട ബോട്ടുകൾക്ക് ലൈസൻസ് അടക്കമുള്ള രേഖകൾ ഇല്ലെന്നാണ് വിവരം. ഇത് ഹാജരാക്കാൻ ടൂറിസം പൊലീസ് നിർദേശം നൽകി.

സുരക്ഷയൊരുക്കാൻ മടി; അപകടം ആവർത്തിക്കുന്നു

കഴിഞ്ഞ ജൂൺ11ന് സഞ്ചാരികളുമായി പോയ ഹൗസ്ബോട്ട് മുങ്ങി സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ പ്രദേശവാസിയായ മുങ്ങൽ വിദഗ്ധൻ മരിച്ചിരുന്നു. കൈനകരി പഞ്ചായത്ത് 14ാം വാർഡിൽ ഇ.എം.എസ് ബോട്ടുജെട്ടി വാളാത്ത് തറയിൽ പ്രസന്നനാണ് (അർജുൻ -63) മരിച്ചത്. പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ നിർത്തിയിട്ട 'കാർത്തിക' ബോട്ടാണ് അന്ന് മുങ്ങിയത്.

അപകടമരണം ആവർത്തിച്ച പശ്ചാത്തലത്തിൽ തുറമുഖ വകുപ്പും ടൂറിസം പൊലീസും രേഖകളില്ലാതെ സവാരി നടത്തുന്ന ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. പലതും യാത്രക്ക് പറ്റുന്ന ബോട്ടുകൾ അല്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് റിപ്പോർട്ടും നൽകിയിരുന്നു. ഭൂരിഭാഗവും രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയാണ് ഓടുന്നത്. സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പ് നിർദേശം പാലിക്കാൻ ബോട്ടുടമകൾ മടിക്കുന്നതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം.  

Tags:    
News Summary - The houseboat sank in two places; 50 lakh loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.