തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റങ്ങളിലേക്ക് ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മകളുമായി കുടുംബശ്രീ അയല്‍കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു. അസംബ്ലിയും പാഠപുസ്തകവും അധ്യാപകരും സിലബസും ക്ലാസ്മുറിയുമടക്കം സ്കൂൾ അന്തരീക്ഷത്തിൽ നടത്തുന്ന പരിശീലന കാമ്പയിന്റെ ഭാഗമായാണ് 46 ലക്ഷം അംഗങ്ങളെയും ഊഴമനുസരിച്ച് ഞായറാഴ്ച മുതൽ ക്ലാസ് മുറികളിലേക്കെത്തുക.
കുടുംബശ്രീ സംവിധാനം കൂടുതൽ ചലനാത്മകമാക്കുന്നതിനുള്ള ‘തിരികെ സ്കൂളിൽ’ എന്ന കാമ്പയിനിന്റെ ഭാഗമായി പുതിയകാല സാങ്കേതിക സംവിധാനങ്ങളിലടക്കം പരിശീലനം നൽകുന്നതിന് വിപുലമാണ് മുന്നൊരുക്കങ്ങൾ.
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബർ ഒന്നിനും ഡിസംബര്‍ പത്തിനും ഇടക്കുള്ള അവധി ദിനങ്ങളിലാണ് കുടുംബശ്രീ അംഗങ്ങൾക്കുള്ള ക്ലാസ്മുറികൾ പ്രവർത്തിക്കുക. പഴയകാലത്തിന്റെ അടയാളങ്ങൾ നിറയുന്ന കെട്ടിലും മട്ടിലും പാഠപുസ്തകവും തയാറാക്കിയിട്ടുണ്ട്.
സ്കൂൾ അസംബ്ലി മാതൃകയിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ക്ലാസുകൾ. രാവിലെ 9.30 മുതല്‍ 4.30 വരെ ഇടവേളയടക്കം അഞ്ച് മണിക്കൂറാണ് ക്ലാസ് സമയം. സംഘശക്തി അനുഭവ പാഠങ്ങള്‍, അയൽകൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍.
സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. അയൽകൂട്ടങ്ങള് അതത് സി.ഡി.എസിന് കീഴിലുള്ള വിദ്യാലയങ്ങളിലാണ് പരിശീലനത്തിനായി എത്തുക. ഒക്ടോബര്‍ ഒന്നിന് പാലക്കാട് തൃത്താലയില്‍ ഡോ.കെ.ബി. മേനോന് സ്മാരക ഹയര്‍ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാന തല ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.