വീണ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -മാത്യു കുഴൽനാടൻ

തിരുവനന്തപുരം: വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട കമ്പനിയിൽ നിന്ന് ഏത് പശ്ചാത്തലത്തിലാണ് വീണ വിജയൻ ഇത്രയും തുക വാങ്ങിയതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

വീണയുടെ കമ്പനിയെ പറ്റിയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രിയും ആക്രോശവും നടത്തി ചോദ്യത്തിൽ നിന്ന് ഒളിച്ചോടി. പിണറായിയുടെ മകൾ വ്യക്തിപരമായി പണം വാങ്ങി. കമ്പനിക്ക് പണം വാങ്ങാം. എന്നാൽ, വീണ എന്ന വ്യക്തിക്ക് എങ്ങനെ പണം വാങ്ങാനാകും. ഈ വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. കേരളത്തിൽ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവൽകരിക്കപ്പെട്ട അഴിമതിയുമാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകളാണ് പുറത്തുവന്നത്. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

2017ൽ വീണ വിജയന്റെ എക്‌സലോജിക് കമ്പനിയും സി.എം.ആർ.എൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയിരിക്കുന്നത്.

എന്നാൽ, വീണ വിജയനോ എക്‌സലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യാതൊരു സേവനം നൽകാതെ 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകിയെന്ന കണ്ടെത്തൽ പുറത്ത് വരുന്നത്.

വീണ വിജയന് പുറമെ ചില പ്രമുഖരായ വ്യക്തികൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പണം നൽകിയതിന്റെ രേഖകളും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - The Pinarayi Vijayan should answer the allegations against Veena Vijayan - Mathew Kuzhalnadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.