ശബരിമല ഡ്യൂട്ടിക്കുള്ള പൊലീസുകാർക്ക് ഇനി സൗജന്യ മെസ് ഇല്ല, പോക്കറ്റിൽ നിന്നെടുക്കണം

തിരുവനന്തപുരം: ശബരിമല ഉൽസവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാർക്ക് മെസ് സബ്സിഡി നൽകാനാകില്ലെന്ന് വ്യക്തമാക്കി സർക്കാർ. മെസ് നടത്തിപ്പിനായി ഒരു കമ്മിറ്റിയും ഫണ്ടും രൂപവൽകരിച്ച് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി മെസ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ വർഷങ്ങളായി ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്ന പൊലീസുകാർക്ക് ലഭിച്ചിരുന്ന സർക്കാർ സൗകര്യമാണ് നഷ്ടപ്പെടുന്നത്. 2012 ലാണ് പൊലീസുകാർക്ക് മെസ് സൗജന്യമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതൽ മെസ് നടത്തിപ്പിനുള്ള തുക പൊലീസുകാരുടെ കീശയിൽ നിന്നും എടുത്ത് ഉപയോഗിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.

ആംഡ് ബറ്റാലിയൻ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പൊലീസ് മെസ് ഉപയോഗിക്കാൻ താൽപര്യമുള്ള മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മെസ് കമ്മിറ്റി രൂപവൽകരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ കമ്മിയുടെ പ്രവർത്തനങ്ങൾക്കായി ഒരു ട്രഷറി സേവിംഗസ് ബാങ്ക് അക്കൗണ്ട് തുടങ്ങണം. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും അവരുടെ നിത്യേന അലവൻസിൽ നിന്നും മെസ് തുക ഈടാക്കുക. ഒരു ദിവസം നൂറ് രൂപ നിരക്കിൽ ഇത് ഈടാക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും മെസ് ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ അഡ്വാൻസായി മെസ് കമ്മിറ്റിയിലേക്ക് തുക വാങ്ങണം. മെസ് ചാർജ് ഈടാക്കുന്നതിനും പേയ്മെന്‍റിനുമായി ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താം. മെസിന്‍റെ വരവ് ചിലവ് കണക്കുകൾ തുടർപരിശോധനക്ക് സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാറിന്‍റെ ഈ ഉത്തരവ് സേനാംഗങ്ങൾക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ശബരിമല ഉൽസവകാലത്തെ ഡ്യൂട്ടി ഏറെ പ്രയാസമുള്ളതാണെന്നും ഭക്ഷണം കഴിക്കാൻ സർക്കാർ സബ്സിഡിയോടെയുള്ള മെസ് ഗുണമായിരുന്നെന്നും പൊലീസുകാർ പറയുന്നു. മൂന്ന് നേരം ഭക്ഷണം കഴിക്കണമെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്നുള്ള നൂറ് രൂപ വീതം നൽകിയാലും ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുമോയെന്ന ആശങ്കയും സേനാംഗങ്ങൾക്കുണ്ട്. ഉൽസവസമയത്ത് മണിക്കൂറുകളോളം വിശ്രമം പോലുമില്ലാതെ ജോലി ചെയ്യുന്നവരോടാണ് ഈ അവഗണനയെന്നും ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - The policemen on Sabarimala duty no longer have free mess, they have to take it from their pockets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.