കൊട്ടാരക്കര: വാർഡിലേക്കുള്ള റാമ്പ് (ചരിച്ചുള്ള നടപ്പാത) തുറന്നുനൽകാത്തതിനെ തുടർന്ന് പടികൾ കയറേണ്ടിവന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിൽ കൊട്ടാരക്കര താലൂക്കാശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.ഗുരുതര ശ്വാസതടസ്സവുമായെത്തിയ കൊട്ടാരക്കര കുറുമ്പാലൂർ അഭിജിത്ത് മഠത്തിൽ വി. രാധാകൃഷ്ണനാണ് (56) വെള്ളിയാഴ്ച രാത്രി താലൂക്കാശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. കിടത്തിചികിത്സ വാർഡിലേക്കുള്ള റാമ്പ് (ചരിച്ചുള്ള നടപ്പാത) ജീവനക്കാർ തുറന്നുനൽകാത്തതിനെ തുടർന്നാണ് രാധാകൃഷ്ണന് പടികൾ നടന്നുകയറേണ്ടി വന്നത്. ഇതിനിടെ കുഴഞ്ഞുവീഴുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു.
പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് ഗ്രേഡ് 2 അറ്റൻഡർമാരായ ഷെറീനാബീവി, അജന്ത എന്നിവരെ സസ്പെൻഡ് ചെയ്തത്. രാത്രിയിൽ ശ്വാസതടസ്സവുമായെത്തിയ രാധാകൃഷ്ണനെ ഡ്യൂട്ടി ഡോക്ടർ അഡ്മിറ്റ് ചെയ്തു. മുകളിലത്തെ പുരുഷൻമാരുടെ വാർഡിലേക്ക് റാമ്പ് വഴി വീൽ ചെയറിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ ഗ്രില്ല് പൂട്ടിയ നിലയിലായിരുന്നു.
ഗ്രിൽ തുറക്കാൻ ജീവനക്കാരോട് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. തുടർന്നാണ് രാധാകൃഷ്ണന് പടികൾ നടന്നു കയറേണ്ടിവന്നത്. കുഴഞ്ഞുവീണശേഷം താഴെയെത്തിക്കാനും ജീവനക്കാരുടെ സഹായം ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
പ്രാഥമികാന്വേഷണത്തിൽ രോഗിയെ വാർഡിൽ കൊണ്ടുപോകാൻ അത്യാഹിതവിഭാഗത്തിലെ ഗ്രേഡ് 2 ജീവനക്കാർ വേണ്ടതുപോലെ പ്രവർത്തിച്ചിട്ടില്ലെന്നും കുഴഞ്ഞുവീണ രോഗിയെ വാർഡിൽനിന്ന് തിരികെ കൊണ്ടുപോകാൻ ജീവനക്കാർ വേണ്ടരീതിയിൽ സഹകരിച്ചിട്ടില്ലെന്നും വ്യക്തമായി. തുടർന്നാണ് അത്യാഹിതവിഭാഗത്തിലും മെയിൽ വാർഡിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവക്കാരെ സസ്പെൻഡ് ചെയ്തത്. ഭാര്യ: ഉമ രാധാകൃഷ്ണൻ. മക്കൾ: അഭിജിത്ത്, അഭിരാമി. മരുമകൻ: അനുരാജ്.
കൊട്ടാരക്കര: റാമ്പ് ആത്യാവശ്യത്തിന് തുറന്നുനൽകണമെന്ന് നിർദേശിച്ചിരുന്നതായും ശ്വാസതടസ്സമുള്ളയാളെ പടികയറ്റിയത് ഗുരുതര വീഴ്ചയാണെന്നും കൊട്ടാരക്കര ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചു. വിശദ റിപ്പോർട്ട് ഡി.എം.ഒക്ക് സമർപ്പിക്കുമെന്നും അതോടൊപ്പം അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.