ജനനേന്ദ്രിയം മുറിച്ച കേസ്: ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണം -സ്വാമി ഗംഗേശാനന്ദ

കൊച്ചി: തന്‍റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിൽ നിരവധി പേരുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സ്വാമി ഗംഗേശാനന്ദ. ഇപ്പോഴത്തെ അഗ്​നിരക്ഷാസേന മേധാവിയും ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന മുൻ എ.ഡി.ജി.പിയുമായ ബി. സന്ധ്യയുടെ ഗൂഢാലോചനയിലെ പങ്ക് അന്വേഷിക്കണം.

ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം സംരക്ഷിക്കാൻ താൻ മുൻകൈ എടുത്തതാണ് അവർക്ക് തന്നോട് വിരോധമുണ്ടാകാൻ കാരണം. ബി. സന്ധ്യയുടെയും ഭർത്താവിന്‍റെയും കൈവശമായിരുന്നു ഈ ഭൂമി. ഇത് തിരിച്ചെടുക്കാനും സ്ഥലത്ത് ചട്ടമ്പി സ്വാമിയുടെ പ്രതിമ സ്ഥാപിക്കാനും താൻ മുന്നിട്ടിറങ്ങിയിരുന്നു. എല്ലാം അന്വേഷിച്ച് തെളിയിക്കേണ്ടത് പൊലീസാണ്. ഇത്തരമൊരു പ്രവൃത്തി ചെയ്യിപ്പിച്ചതിന് പിന്നിൽ സന്ധ്യയാണോ എന്ന് അന്വേഷിക്കണം.

പെൺകുട്ടിയും കാമുകനും മാത്രമല്ല ഇതിന് പിന്നിലെന്നാണ് താൻ വിശ്വസിക്കുന്നത്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ ഒരുസംഘം ആളുകളുണ്ടായിരിക്കണം. എന്തോ നൽകി മയക്കിക്കിടത്തിയാണ് ഇത് ചെയ്തതെന്ന് താൻ കരുതുന്നു. ഒരു സന്യാസിക്കെതിരെ ഉന്നയിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആരോപണങ്ങൾ പണവുമായും സ്ത്രീയുമായും ബന്ധപ്പെട്ടതാണ്. സ്ത്രീയുമായി ബന്ധപ്പെട്ട ഒരു ആരോപണം ഒരാൾക്കെതിരെ ഉണ്ടായാൽ ആരോപണവിധേയനൊപ്പം നിൽക്കാൻ ആരും തയാറാവില്ലെന്നതാവണം ഇത്തരമൊരു കൃത്യത്തിന് മുതിരാൻ അവരെ പ്രേരിപ്പിച്ചത്.

നിയമ നടപടികളിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല. അത് നടപ്പാക്കേണ്ടത് ദൈവമാണെന്നാണ് താൻ വിശ്വസിക്കുന്നത്. ഈ കേസ് താൻ തമ്പുരാന് വിട്ടിരിക്കുകയാണ്. 284 ദിവസം യൂറിൻ ബാഗും കൈയിൽപിടിച്ചാണ് നടന്നത്. ഇതിലും വലിയ എന്ത് ബുദ്ധിമുട്ടാണ് ഇനി സഹിക്കാനുള്ളതെന്നും സ്വാമി ഗംഗേശാനന്ദ വാർത്തസമ്മേളനത്തിൽ ചോദിച്ചു. തനിക്കെതിരെ 10 ചാർജാണ് ആദ്യ എഫ്.ഐ.ആറിലുണ്ടായിരുന്നത്. പിന്നീട് പെൺകുട്ടി സത്യം വിളിച്ചുപറഞ്ഞപ്പോൾ അത് രണ്ട് ചാർജായി ചുരുങ്ങി. തന്‍റെ കേസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല.

ഇതുവരെ തനിക്കെതിരെ എവിടെയും കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടില്ല. താൻ കൊണ്ടുനടന്ന് വളർത്തിയ രണ്ടുപേരുടെ ഇടപെടൽ ഇതിന് പിന്നിലുണ്ട്. സ്വയം ചെയ്തതാണെന്ന് ശക്തമായ വേദന സഹിച്ച് ചികിത്സയിലിരിക്കെ പറഞ്ഞുപോയതാണ്. ഇത്തരമൊരു വേദനയുടെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസ്സിലാകുകയില്ലെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു.

Tags:    
News Summary - The role of B. Sandhya should be investigated -Swami Gangesananda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.