കാട്ടുകൊമ്പൻ പിടി 7നെ ലോറിയിൽ കയറ്റുന്നു

പി.ടി സെവനെ മയക്കുവെടിവെച്ചു; മെരുക്കാനായി ലോറിയിൽ കയറ്റി ധോണി ക്യാമ്പിലേക്ക് മാറ്റി

ധോണി: പാലക്കാട് ധോണിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുകൊമ്പൻ പി.ടി സെവനെ മയക്കുവെടിവെച്ചു. രാവിലെ 7.15ഓടെ ഉൾക്കാട്ടിനും ജനവാസമേഖലക്കും ഇടയിൽവെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. മൂന്നു മണിക്കൂറിന് ശേഷം മയക്കംവിട്ട് ആന ഉണർന്നതോടെ വീണ്ടും ബൂസ്റ്റർ ഡോസ് നൽകി. ആനയെ വനം വകുപ്പിന്‍റെ ലോറിയിൽ കയറ്റി മെരുക്കാനായി ധോണിയിലെ ക്യാമ്പിൽ തയാറാക്കിയ പ്രത്യേക ആനകൂട്ടിലേക്ക് മാറ്റി.

വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവെച്ചത്. കോർമ ഭാഗത്തുവെച്ചാണ് ആനയെ മയക്കുവെടിവെച്ചതെന്നാണ് വിവരം. ആനയെ പിടിക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യത്തിന് അതിരാവിലെ തന്നെ തുടക്കം കുറിച്ചിരുന്നു. ഉൾക്കാട്ടിലുള്ള ആനയെ തേടിയാണ് ദൗത്യസംഘം പുറപ്പെട്ടത്. മൂന്ന് കുംകി ആന​കളെയും പ്രദേശത്ത് എത്തിച്ചിരുന്നു.

Full View

ധോണിയെ വിറപ്പിച്ച പി.ടി. 7-നെ (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) പിടികൂടാനുള്ള ശനിയാഴ്ചത്തെ ദൗത്യം തത്കാലം അവസാനിപ്പിച്ചിരുന്നു. സമതലപ്രദേശത്തുവെച്ച് ആനയെ പിടികൂടുന്നതിനുള്ള സാഹചര്യം രാവിലെ ഒരുക്കിയിരുന്നു. വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദ്രുതപ്രതികരണ സംഘമാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിലുണ്ടായിരുന്നത്.

ഇവര്‍ക്ക് സഹായികളായി വയനാട്ടിലെ മുത്തങ്ങയില്‍ നിന്നെത്തിച്ച കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുമുണ്ടായിരുന്നു. ഒലവക്കോട്ടെ ആര്‍.ആര്‍.ടി.യടക്കം ജില്ലയിലെ അന്‍പതംഗ വനപാലക സംഘവും രംഗത്തുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്നതോടെ ആന ഉള്‍ക്കാട്ടിലേക്ക് ദൗത്യ സംഘം നീങ്ങിയത്.

പി.ടി സെവന് വേണ്ടിയുള്ളത് യൂക്കാലി മരക്കൂട്; 15 അടി നീളവും വീതിയും 18 അടി ഉയരവും

വിനോദസഞ്ചാര കേന്ദ്രമായ ധോണിയില്‍ കാട്ടുകൊമ്പൻ പിടി സെവന് ഒരുങ്ങിയത് യൂക്കാലി മരക്കൂട്. പതിനഞ്ച് അടി നീളത്തിലും വീതിയിലും 18 അടി ഉയരത്തിലുമാണ് ധോണിയിലെ കൂട്. 140ഓളം യൂക്കാലി മരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.

ആറടി ആഴത്തില്‍ കുഴിയെടുത്ത് അതില്‍ നാലടി വണ്ണമുള്ള നാല് യൂക്കാലി മരത്തടികളിട്ട് മണ്ണിട്ട്, വെള്ളമൊഴുച്ച് ഉറപ്പിക്കും. ഇത്തരത്തില്‍ 15 അടി സമചതുരാകൃതിയില്‍ ഉറപ്പിച്ചിരിക്കുന്ന മരത്തടികള്‍ക്കിടയില്‍ മറ്റ് തടികള്‍ ഇഴ ചേര്‍ത്ത് കിടത്തി വച്ച് കൂടൊരുക്കിയത്.

പരമ്പരാഗതമായി കേരളത്തില്‍ ആനക്കൂടിന് കമ്പകം എന്ന മരമാണ് ഉപയോഗിക്കുന്നത്. എന്നാൽ, യൂക്കാലി തടിയാണെങ്കില്‍ ആനക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കുറയും. ഉറപ്പുള്ള തടിയായതിനാല്‍ ആനക്ക് കൂട് പൊളിക്കുക എന്നത് അസാധ്യവുമാണ്.

മുത്തങ്ങയില്‍ പന്ത്രണ്ട് അടി നീളത്തിലും വീതിയിലുമുള്ള കൂടാണ് പിടി സെവന് വേണ്ടി ഒരുക്കിയിരുന്നത്. ആഴ്ചകള്‍ നീണ്ടതായിരുന്നു നിർമാണം. മുത്തങ്ങയില്‍ നിന്നും എത്തിച്ച കുങ്കി ആനകളായ വടക്കനാട് കൊമ്പനെയും കല്ലൂര്‍ കൊമ്പനെയും ഉപയോഗിച്ച് കൂടിന്‍റെ ബല പരിശോധനയും കഴിഞ്ഞു.

വയനാട്ടിലും പത്തനംതിട്ടയിലും മറ്റും നേരത്തെ തന്നെ ആനയെ മെരുക്കാന്‍ കൂടുകളുണ്ടായിരുന്നെങ്കില്‍ പാലക്കാട് അങ്ങനൊന്ന് ഇല്ലായിരുന്നു. ഇതിനാല്‍ തന്നെ പിടികൂടുന്ന പിടി സെവനെ മെരുക്കാനായി മുത്തങ്ങയിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി നാല് ലക്ഷം ചെലവാക്കി കൂടൊരുക്കി. എന്നാല്‍, ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഈ തീരുമാനം പിന്നീട് പിന്‍വലിച്ചു. തുടര്‍ന്ന് പാലക്കാട് തന്നെ കൂടൊരുക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്.

Tags:    
News Summary - The second day of the mission to capture PT Seven begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.