തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേതാവിന്റെ ആൾമാറാട്ടം ആസൂത്രിതമായിരുന്നെന്ന് തെളിയുന്നു. മത്സരിക്കാതെ തിരിമറിയിലൂടെ യു.യു.സിയാകാൻ ശ്രമിച്ച ഒന്നാം വർഷ ബി.എസ്സി ഫിസിക്സ് വിദ്യാർഥി എ. വിശാഖിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത പോലുമില്ല.
സുപ്രീംകോടതി അംഗീകരിച്ച ലിങ്ദോ കമീഷൻ വ്യവസ്ഥയനുസരിച്ച് 22 വയസ്സ് പിന്നിട്ടവർക്ക് കോളജ് യൂനിയൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. വിശാഖിനാകട്ടെ വയസ്സ് 24 ഉം. തിരുവനന്തപുരത്തെ മറ്റൊരു കോളജിൽനിന്ന് മൂന്നുവർഷത്തെ ഡിഗ്രി പഠനം കഴിഞ്ഞാണ് ക്രിസ്ത്യൻ കോളജിൽ ചേർന്നത്. ആദ്യം ചേർന്ന കോളജിൽ കോഴ്സ് പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് കാണിച്ച് യൂനിവേഴ്സിറ്റിയെ സമീപിച്ച് രജിസ്ട്രേഷൻ റദ്ദാക്കിയാണ് മറ്റൊരു കോളജിൽ പ്രവേശനം തരപ്പെടുത്തിയത്.
സംഘടനാ പ്രവർത്തനത്തിന് മാത്രമായി ഇങ്ങനെ ഡിഗ്രി പ്രവേശനം നേടുന്നത് പതിവാണെന്നാണ് റിപ്പോർട്ട്. വിശാഖിന്റെ നാമനിർദേശ പത്രിക പ്രായപരിധി പിന്നിട്ടതിനാൽ റിട്ടേണിങ് ഓഫിസർക്ക് സ്വീകരിക്കാൻ കഴിയില്ല. അതിനാലാണ് മറ്റൊരു വിദ്യാർഥിനിയെ മത്സരിപ്പിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ രാജിവെപ്പിച്ച് വിശാഖിന്റെ പേര് തിരുകിക്കയറ്റി യു.യു.സി പട്ടിക പ്രിൻസിപ്പലിന്റെ ഒത്താശയോടെ യൂനിവേഴ്സിറ്റിയിലേക്ക് അയച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയ അട്ടിമറി ഗൂഢാലോചന പ്രിൻസിപ്പലിന്റെ പൂർണമായ ഒത്താശയോടെ നടപ്പാക്കപ്പെടുകയാണുണ്ടായതെന്നാണ് വ്യക്തമാകുന്നത്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറികൂടിയായ വിശാഖിനെ കേരള യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കമെന്നാണ് സൂചന.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയും കോളജ് പ്രിൻസിപ്പലും മാത്രമാണ് നിലവിൽ ആൾമാറാട്ടത്തിൽ പ്രതിസ്ഥാനത്തുള്ളത്. കേട്ടുകേൾവിയില്ലാത്ത തെരഞ്ഞെടുപ്പ് അട്ടിമറിശ്രമം ഉന്നതതലത്തിൽ അറിവില്ലാതെ നടക്കാൻ സാധ്യത വിരളമാണ്. ഭരണകക്ഷിയിലും കോളജ് മാനേജ്മെന്റ് തലത്തിലുമൊക്കെയുള്ള പങ്കിലേക്കാണ് സംശയം നീളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.