തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കലാശക്കൊട്ടോടെ ഞായറാഴ്ച പരസ്യപ്രചാരണത്തിന് സമാപനമാകും. പതിവില്ലാത്തവിധം മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണ പ്രവർത്തനങ്ങളാൽ ഏറെ രാഷ്ടീയ പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പ് സംസ്ഥാന - ദേശീയ നേതാക്കളുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു. വികസനം അജണ്ടയായി പ്രഖ്യാപിച്ചെങ്കിലും വിവാദങ്ങൾക്കായിരുന്നു പ്രചാരണ രംഗത്ത് മുൻതൂക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കൾതന്നെ വിവാദ പരാമർശങ്ങളുയർത്തിയത് രംഗം ചൂടുപിടിപ്പിച്ചു. സഭ സ്ഥാനാർഥിയെന്ന ആരോപണം മുതൽ ഇടത് സ്ഥാനാർഥിക്കെതിരെ പ്രചരിച്ച വ്യാജ അശ്ലീല ദൃശ്യങ്ങൾ വരെ മണ്ഡലത്തിൽ വിവാദങ്ങൾ തൊടുത്തുവിട്ടു. ഇടത് -വലത് ചേരികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരിട്ട് നേതൃത്വം കൊടുത്ത പ്രചാരണ കോലാഹലങ്ങളാണ് മണ്ഡലം ദർശിച്ചത്. ചില കല്ലുകടികൾ ദൃശ്യമായെങ്കിലും യു.ഡി.എഫ് കേന്ദ്രങ്ങളിലും പതിവില്ലാത്തവിധം ഐക്യം പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഇത്.

പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ ബി.ജെ.പി വർഗീയ പ്രചാരണത്തിനാണ് മുൻതൂക്കം നൽകിയത്. ഞായറാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന മണ്ഡലമാകെ ചുറ്റിയുള്ള റോഡ് ഷോയോടെ സമാപനം കൊട്ടിക്കലാശമാക്കി മാറ്റി പ്രചാരണം അവസാനിപ്പിക്കാനാണ് മൂന്നു മുന്നണികളുടെയും തീരുമാനം. പാലാരിവട്ടത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലത്ത് കൊട്ടിക്കലാശവും നടക്കും.

കൊട്ടിക്കലാശത്തോടെ ശബ്ദ പ്രചാരണങ്ങൾ അവസാനിക്കും. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് ശേഷം ചൊവ്വാഴ്ചയാണ് തൃക്കാക്കരയുടെ നാല് വർഷത്തെ ജനപ്രതിനിധിയെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിന് നടക്കും.

Tags:    
News Summary - Thrikkakara election campaign today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.