തൃശൂർ: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ കുടമാറ്റത്തിനായി തയാറാക്കിയ കുടകളിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ വി.ഡി. സവർക്കറുടെ ചിത്രവും. വിവാദമായതോടെ കുടകൾ പിൻവലിച്ചു. പ്രധാന പങ്കാളി ക്ഷേത്രമായ പാറമേക്കാവ് വിഭാഗം തയാറാക്കിയ കുടകളിലാണ് സവർക്കറുടെ ചിത്രം ഇടംപിടിച്ചത്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, സ്വാമി വിവേകാനന്ദന്, ചട്ടമ്പി സ്വാമികള്‍, പട്ടം താണുപിള്ള തുടങ്ങിയ മഹാന്മാരോടൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്.
പൂരം ചമയത്തിൽ കുട പ്രദർശിപ്പിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായെത്തിയതോടെ വിഷയം ചർച്ചയായി. മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും സർക്കാറിന്റെ അതൃപ്തി ദേവസ്വങ്ങളെ നേരിട്ട് അറിയിച്ചു. ഇതോടെ സവർക്കറുടെ ചിത്രമുള്ള കുട ഒഴിവാക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ നടൻ സുരേഷ് ഗോപിയും പി. ബാലചന്ദ്രൻ എം.എൽ.എയും ചേർന്നാണ് പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ഉദ്ഘാടനം ചെയ്തത്. ഈ സമയത്ത് ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
പ്രദർശനത്തിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോഴാണ് വിവാദമായത്. സാഹോദര്യോത്സവമായി ആഘോഷിക്കുന്ന പൂരത്തെ അപകീർത്തിപ്പെടുത്തും വിധത്തിൽ ഇത്തരം നടപടിയുണ്ടായതിൽ ഇടതുപക്ഷവും കോൺഗ്രസും കടുത്ത അതൃപ്തിയിലാണ്.
അതേസമയം, കേന്ദ്ര സർക്കാർ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയിലെ പട്ടികയിലുള്ള മഹാന്മാരുടെ ചിത്രങ്ങളാണ് കുടയിൽ ഉൾപ്പെടുത്തിയതെന്നും വിവാദത്തിനില്ലെന്നും പാറമേക്കാവ് അധികൃതർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.