തൃശൂർ: തൃശൂർ പൂരം എഴുന്നള്ളിപ്പിൽ പങ്കെടുത്ത ആനകളിൽ വ്യാജൻമാരെന്ന് ആക്ഷേപം. എഴുന്നള്ളിപ്പിനായി പുറത്തുവിട്ട ആനകളുടെ പട്ടികയിലെ പേരുകൾ പലതും വനം വകുപ്പിന്റെ രേഖകളിൽ ഇല്ലാത്തതാണെന്നും വ്യാജ പേരുകളിൽ 'ആനമാറാട്ടം' നടത്തി വിലക്കുള്ളവയെ എഴുന്നള്ളിപ്പിച്ചുവെന്നുമാണ് ആക്ഷേപം. ഘടക പൂരത്തിനായി എഴുന്നള്ളിപ്പിച്ചതിൽ ഇടഞ്ഞ ആനയുൾപ്പെടെ വനംവകുപ്പിന്റെ രേഖയിൽ മറ്റൊരു പേരിലുള്ളതാണ്. സുപ്രീംകോടതി മാർഗനിർദേശം പാലിക്കാതെ വ്യാപക ആനമാറാട്ടം നടത്തുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് വനം വകുപ്പിനും ജില്ല നാട്ടാന നിരീക്ഷണ സമിതി ചെയർപേഴ്സൺ കൂടിയായ കലക്ടർക്കും പരാതി നൽകി.
കഴുത്തിൽ തൂക്കിയിടുന്ന ലോക്കറ്റിലെ പേരല്ല പല ആനകളുടെയും യഥാർഥ പേര്. ആനകളുടെ വിശദാംശങ്ങളടങ്ങിയ മൈക്രോചിപ്പിലും ഡാറ്റാ ബുക്ക് രജിസ്റ്ററിലും നൽകിയ പേരുകൾ മറച്ചുവെച്ച് കബളിപ്പിക്കുന്നതായി ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറയുന്നു. എഴുന്നള്ളിപ്പിന് അനുയോജ്യമല്ലാത്ത ആനകൾക്ക് വിലക്കോ മാറ്റി നിർത്തലോ പരിചരണമോ അടക്കമുള്ളവക്ക് നിർദേശം നൽകുക ഈ രജിസ്റ്റർ പ്രകാരമുള്ള പേരുകളിലാണ്. എന്നാൽ യഥാർഥ പേര് മറച്ചുവെച്ച് ലോക്കറ്റുകളിലും വിളിപ്പേരുകളിലുമാണ് ആനയെ ആളുകൾക്ക് പരിചിതമാകുന്നത്. ഇതോടെ വിലക്കോ തടസ്സമോയെന്നത് പൊതുജനങ്ങൾക്കോ ഉൽസവ സംഘാടകർക്കോ ഉൽസവ എഴുന്നള്ളിപ്പുകൾക്ക് അനുമതി നൽകുന്ന നാട്ടാന നിരീക്ഷണ സമിതികൾക്കോ അറിയാനാവില്ല.
പൂരത്തിൽ പങ്കെടുപ്പിച്ച ആനകളിൽ എലിഫെൻറ് ഡാറ്റാ ബുക്കിൽ ഇല്ലാത്ത പത്തോളം ആനകളുടെ പേര് വിവരങ്ങളും വിശദാംശങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാറ്റാബുക്കിൽ രജിസ്റ്റർ ചെയ്ത യഥാർഥ പേരുകൾ തന്നെ ആനകളിൽ പരസ്യപ്പെടുത്താൻ പ്രത്യേകമായി ഉത്തരവിറക്കാനും ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് വനംവകുപ്പിന്റെ കണക്കനുസരിച്ച് 443 ആനകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.