തിരുവനന്തപുരം: സംസ്ഥാനത്തെ 5170 കള്ളുഷാപ്പുകൾ ഓൺലൈനിൽ വിൽക്കാൻ സർക്കാർ വിജ്ഞാപനമിറക്കി. ഈ വർഷം മുതലാണ് കള്ളുഷാപ്പുകളുടെ വിൽപന പൂർണമായും ഓൺലൈനാക്കിയത്. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. 13ന് അവസാനിക്കും.
കള്ളുഷാപ്പ് വിൽപനയിൽ പങ്കെടുക്കേണ്ടവർ ഓൺലൈൻ രജിസ്ട്രേഷൻ എടുക്കണം. 1000 രൂപയാണ് ഫീസ്. ഇത് മടക്കി നൽകില്ല. 13ന് മുമ്പ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള ഓൺലൈൻ കള്ളുഷാപ്പ് വിൽപനയിലും പങ്കെടുക്കാനാവില്ല.
അബ്കാരി ചട്ട പ്രകാരം ആദ്യ കാലങ്ങളിൽ കള്ളുഷാപ്പുകള്‍ ലേലം ചെയ്താണ് വിറ്റിരുന്നത്. ജില്ല കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു ലേലം. അബ്കാരികള്‍ വീറും വാശിയുമായി ലേലത്തിനെത്തിയതോടെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള പ്രവണതകളും ഏറി. 2001ലെ മദ്യനയത്തിൽ ലേലം നിർത്തി കള്ളുഷാപ്പുകള്‍ ഗ്രൂപ് അടിസ്ഥാനത്തിൽ വിൽപന തുടങ്ങി.
ഓരോ ഷാപ്പ് ലൈസൻസിനും സർക്കാർ ഫീസ് നിശ്ചയിച്ചു. ഈ ഫീസ് നൽകുന്നവർക്ക് വിൽപനയിൽ പങ്കെടുക്കാമെന്നായിരുന്നു നിബന്ധന. ഒരു ഗ്രൂപ്പിൽ അഞ്ച് മുതൽ ഏഴ് ഷാപ്പുകള്വരെ ഉണ്ടാകും. ഒരു ഷാപ്പ് ഏറ്റെടുക്കാൻ ഒന്നിലധികം പേരുണ്ടെങ്കിൽ നറുക്കെടുക്കും. ഇതിലും ആക്ഷേപം ഉയർന്നതോടെയാണ് 2023-24, 2024-25, 2025-26 വർഷങ്ങളിലേക്കുള്ള വിൽപന ഓണ്‍ലൈനാക്കുന്നത്. സുതാര്യത ഉറപ്പാക്കാനാണ് പുതിയ സംവിധാനമെന്നാണ് വാദം. എക്സൈസിന് വേണ്ടി സാങ്കേതിക സർവകലാശാലയാണ് പുതിയ സോഫ്റ്റ്വെയർ തയാറാക്കിയത്. നറുക്കെടുപ്പ് ഉള്‍പ്പെടെ സോഫ്റ്റ്വെയർ വഴിയാണ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.