തൃശൂർ: വ്യാഴാഴ്ച വിവാഹിതനായ ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിയ്യൂർ ജയിലിൽ നിന്നും പരോൾ അനുവദിച്ചത് ജയിൽ ഉപദേശക സമിതിയറിയാതെ. ഷാഫിയുടെ വിവാഹച്ചടങ്ങിൽ സി.പി.എം നേതാവ് എ.എന്‍. ഷംസീർ എം.എൽ.എ പങ്കെടുത്തത് വിവാദമാകുന്നതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.
വിവാഹാവശ്യത്തിന് പരോൾ അനുവദിക്കാനാവില്ലെന്നിരിക്കെ ശിക്ഷാകാലത്തെ നിശ്ചിത കാലയളവിന് ശേഷം അനുവദിക്കാവുന്ന സാധാരണ പരോൾ ആയി 15 ദിവസത്തേക്കാണ് ഷാഫിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. ഇടത് സർക്കാർ അധികാരമേറ്റ ശേഷം ജനുവരി ആറിന് ചേർന്ന പുനഃസംഘടിപ്പിക്കപ്പെട്ട ജയിൽ ഉപദേശകസമിതിയുടെ യോഗത്തിൽ ഷാഫിയടക്കമുള്ളവരുടെ 80ഒാളം പരോൾ അപേക്ഷകൾ വന്നിരുന്നു.
ജയിലിലെ മൊബൈൽ ഫോൺ ഉപയോഗം, തടവുകാരുടെ ഭരണം, ജീവനക്കാർക്ക് നേരെയുള്ള ഭീഷണി, ലഹരി ഉപയോഗം തുടങ്ങി നിരവധി പരാതികളും കേസുകളും നിൽക്കുന്ന സാഹചര്യത്തിൽ പരോൾ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് അപേക്ഷകൾ നിരസിച്ചു. പരോൾ അനുവദിക്കാനുള്ള നീക്കം മാധ്യമങ്ങൾ ചർച്ചയാക്കിയതും അപേക്ഷ പരിഗണിക്കേെണ്ടന്ന് തീരുമാനിക്കാൻ നിമിത്തമായി.
കഴിഞ്ഞ നാലിന് ജയിൽ ഡി.ജി.പി നേരിട്ടാണ് ഷാഫിക്ക് പരോൾ അനുവദിച്ചത്. പൊലീസ് അകമ്പടിയുമില്ല. ജയിലിൽ ദൈനംദിന നടപടിക്രമങ്ങളുൾപ്പെടെ ജയിൽ ഉപദേശക സമിതി അറിഞ്ഞിരിക്കണമെന്ന് ചട്ടം നിലനിൽക്കെയാണ് വിവാദമായ രാഷ്ട്രീയ കൊലപാതകക്കേസിലെ മുഖ്യപ്രതികളിലൊരാൾക്ക് ആരും അറിയാതെ പരോൾ അനുവദിച്ചത്. എല്ലാ മാസവും സാധാരണയായും അല്ലെങ്കിൽ അടിയന്തര പ്രാധാന്യമനുസരിച്ചും ഉപദേശക സമിതി യോഗം ചേരണമെന്നാണ് ചട്ടം. പക്ഷെ, വിയ്യൂർ ജയിലിെൻറ ഉപദേശക സമിതി യോഗം ചേർന്നിട്ട് അഞ്ച് മാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.