കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ടയാൾ പൊലീസ് പീഡനം ആരോപിച്ച് സമർപ്പിച്ച പരാതി സംസ്ഥാന മനുഷ്യാവകാശ കമീഷൻ തള്ളി. മേലേ പാളയം ഭൈരഗിമട്ടിൽ ഉമാകാന്ത് മിശ്ര മഹാരാജ് സമർപ്പിച്ച പരാതിയാണ് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് തള്ളിയത്.
കസബ സി.ഐ ബാബു പെരിങ്ങോത്തിനെതിരെയാണ് പരാതി നൽകിയത്. തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചെന്നായിരുന്നു ആരോപണം. താൻ ഒരു കേസിലും പ്രതിയല്ലെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം തന്നെ മാനസികമായി തളർത്തിയതായും പരാതിയിൽ പറയുന്നു. കമീഷൻ കോഴിക്കോട് അസി. പൊലീസ് കമീഷണറിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. ജയിലിൽനിന്ന് ടി.പി കേസിലെ പ്രതികൾ വിളിച്ച ആയിരത്തിലധികം ഫോൺകാളുകളിൽ ചിലത് പരാതിക്കാരനെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒന്നിലേറെ തവണ വിളിച്ചവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇത് അന്വേഷണത്തിെൻറ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് വിശദീകരണത്തിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് നൽകിയെങ്കിലും പരാതിക്കാരൻ ഹാജരാകുകയോ എതിർസത്യവാങ്മൂലം സമർപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പരാതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.