കൊച്ചി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി നീളുന്ന സാഹചര്യത്തില്‍ കച്ചവടം തിരിച്ചുപിടിക്കാന്‍ വ്യാപാരികളുടെ തീവ്രശ്രമം. ഇതിനായി നേരിട്ടുള്ള പണം കൈമാറ്റമല്ലാത്ത ബദല്‍ സംവിധാനങ്ങള്‍ തേടിയുള്ള നെട്ടോട്ടം ആരംഭിച്ചു. ഇടത്തരം, ചെറുകിട വ്യാപാരികളാണ് ഇപ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ച് എത്തുന്നതെന്ന് എറണാകുളത്തെ പ്രമുഖ ദേശസാത്കൃത ബാങ്ക് മാനേജര്‍ പറയുന്നു.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയും പുതിയ 2000 രൂപ നോട്ടിന് ബാക്കികൊടുക്കാന്‍ മാത്രം ചില്ലറ കറന്‍സികള്‍ ഇല്ലാതാവുകയും ചെയ്തതോടെ വെട്ടിലായത് ചെറുകിട, ഇടത്തരം വ്യാപാരികളാണ്. നോട്ട് നിരോധനം നിലവില്‍വന്നതോടെ ഇടത്തരം കടകളെ ആശ്രയിച്ചിരുന്നവരില്‍ നല്ളൊരു പങ്കും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന കടകളിലേക്കും ഹൈപര്‍ മാര്‍ക്കറ്റുകളിലേക്കും തിരിഞ്ഞു. ഇതോടെ കച്ചവടം കുത്തനെ കുറഞ്ഞത് ഇടത്തരം കടകളിലാണ്. നോട്ട് രഹിത സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം കൂടിയായതോടെ ചില്ലറ നോട്ടുകള്‍ക്ക് ക്ഷാമം തുടരുമെന്ന ആശങ്ക വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കച്ചവടക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി ഇറങ്ങിയത്.

നേരിട്ടുള്ള പണമിടപാട് മാറ്റിനിര്‍ത്തിയാല്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണമടക്കുന്നതിനുള്ള പോയന്‍റ് ഓഫ് സെയില്‍ (പി.ഒ.എസ്) ടെര്‍മിനല്‍ സംവിധാനത്തെയാണ് വ്യാപാരികള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇത് ഏര്‍പ്പെടുത്താന്‍ പതിനായിരത്തിലധികം രൂപ ചെലവ് വരുമെന്നതും കറന്‍റ് അക്കൗണ്ട് തുടങ്ങണം, പ്രതിമാസം 300 മുതല്‍ 800 രൂപവരെ വാടക നല്‍കണം, ഇതുവഴിയുള്ള വിറ്റുവരവിന്‍െറ രണ്ടുശതമാനംവരെ ബാങ്കിന് കമീഷനായി നല്‍കണം തുടങ്ങിയ കടമ്പകളുംമൂലം വ്യാപാരികളെ പിന്തിരിപ്പിച്ച് വരുകയായിരുന്നു.

അതിനാല്‍, ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്ന ഇടത്തരം കടകളില്‍തന്നെ, 250 രൂപക്കെങ്കിലും സാധനങ്ങള്‍ വാങ്ങിയാലേ കാര്‍ഡുവഴി പണമടക്കാന്‍ അനുവദിക്കൂ എന്ന് നിഷ്കര്‍ഷിച്ചിരുന്നു.

പുതുതായി ആവിഷ്കരിച്ച മൊബൈല്‍ വാലറ്റുകളുടെ വിശദാംശങ്ങള്‍ തേടിയാണ് ഇപ്പോള്‍ വ്യാപാരികള്‍എത്തുന്നത്. ഇടപാടുകാരന്‍െറ അക്കൗണ്ടില്‍നിന്ന് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുംവിധത്തിലാണ് ഇതിന്‍െറ സംവിധാനം. പല ബാങ്കുകളും സ്വന്തം നിലക്ക് മൊബൈല്‍ വാലറ്റുകള്‍ ആവിഷ്കരിച്ച് വ്യാപാരികളെ സമീപിക്കുന്നുമുണ്ട്. പരമാവധി വ്യാപാരികള്‍ ഇതില്‍ അംഗങ്ങളായാലേ പദ്ധതി വിജയിക്കൂ എന്നതിനാല്‍ കച്ചവടക്കാരെ അംഗങ്ങളായി ചേര്‍ക്കാന്‍ പ്രത്യേക സംഘങ്ങളെ രംഗത്തിറക്കിയിട്ടുമുണ്ട്.

Tags:    
News Summary - traders tri to recover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.