മരം ദേഹത്ത് വീണ് ആറാംക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം; ദുഃഖം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

കാസർകോട്: അംഗടിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിശത്ത് മിൻഹ മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അതീവ ദുഃഖം രേഖപ്പെടുത്തി. സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

സ്കൂളുകൾ ഈ നിർദേശം കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു. നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെ എന്ന് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

പർളാടം യൂസുഫിന്റെ മകൾ ആയിശത്ത് മിൻഹ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സ്കൂൾ മൈതാനത്ത് നിന്ന് റോഡിലേക്ക് കുട്ടികൾ പടവുകൾ ഇറങ്ങി വരുന്നതിനിടെ സമീപത്തുള്ള ഉപ്പിലി മരം കടപുഴകി ദേഹത്ത് പതിക്കുകയായിരുന്നു. കുറെ കുട്ടികൾ ഇറങ്ങി വരുന്നുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മിൻഹ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം കുമ്പള ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    
News Summary - Tragic Incident: Student died by Falling Tree at Angadimogar School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.