കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ് പ്രതിസന്ധിയിൽ നിന്നും പ്രതീക്ഷയുടെ പൂക്കാലത്തിലേക്ക് കുതിക്കുന്നു. ശമ്പളകുടിശികയുടെ കണക്കു മാത്രമുണ്ടായിരുന്ന, നഷ്‌ടങ്ങൾ മാത്രം എഴുതിച്ചേർത്തിരുന്ന കാലത്തു നിന്നും പഴയ പ്രതാപത്തിലേക്കു മടങ്ങിവരാൻ ഒരുങ്ങുകയാണ് ട്രാവൻകൂർ സിമന്റ്‌സ്. പുത്തൻ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രിമാരായ ഇ.പി ജയരാജനും, എം.എം മണിയും ചേർന്നു നിർവഹിക്കും.
1947 ൽ സ്ഥാപിതമായ കമ്പനിയുടെ പ്രധാന ഉത്പന്നമാണ് വൈറ്റ് സിമന്റ്. എന്നാൽ, സ്വകാര്യ കമ്പനികൾ വൈറ്റ് സിമന്റ് ഉത്പാദിപ്പിക്കുകയും വിപണി കീഴടക്കുകയും ചെയ്‌തതോടെ ട്രാവൻകൂർ സിമന്റ്‌സിനു വിപണിയിൽ നിന്നും തിരിച്ചടി നേരിട്ടു. ഇതു കൂടാതെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നു വേമ്പനാട്ട് കായലിൽ നിന്നും കക്ക വാരുന്നതും പൂർണമായും നിലച്ചു. കക്കയായിരുന്നു കമ്പനിയുടെ പ്രധാന അസംസ്‌കൃത വസ്‌തു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ തകർച്ചയും ആരംഭിച്ചത്. മൂന്നു ഷിഫ്റ്റുകളിലായി ഏഴുനൂറോളം ജീവനക്കാർ ഒരേ സമയം കമ്പനിയിൽ ജോലി ചെയ്‌തിരുന്നു. എന്നാൽ, ഇന്ന് ഇത് മുന്നൂറിൽ താഴെയായി കുറഞ്ഞു.
ഇത്തരത്തിൽ പ്രതിസന്ധികളിൽപ്പെട്ട് ഉഴറുമ്പോഴാണ് കമ്പനിക്കു പ്രതീക്ഷ നൽകി സർക്കാര്‍ ഇടപെടൽ ഉണ്ടായത്. കമ്പനിയുടെ വൈവിദ്ധ്യ വത്കരണം നടപ്പാക്കുന്നതിനായി സർക്കാർ ഇടപെടലോടെ പദ്ധതി തയ്യാറാക്കി. കമ്പനിയെ നവീകരിക്കുന്നതിനായി സർക്കാറിന്റെ ഭാഗത്തു നിന്നും അനുകമ്പാ പൂർണമായ നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിലവിലുള്ള പ്രവർത്തനങ്ങൾ ലാഭകരമാക്കുന്നതിനു ലക്ഷ്യമിട്ടുള്ള യന്ത്രങ്ങൾ വാങ്ങുന്നതിനും നവീകരണവും അനുബന്ധ സാധ്യതകളും പഠിക്കുന്നതിനുമായി വിശദമായ പഠനം തന്നെ സർക്കാർ ഇടപെടലുകളും കമ്പനിയിൽ നടത്തിയിട്ടുണ്ട്. സാമ്പത്തിക ലഭ്യത അനുസരിച്ചു ഈ പഠനം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ചിങ്ങവനത്തെ ട്രാവൻകൂർ ഇലക്‌ട്രോ കെമിക്കൽസ് അടച്ചു പൂട്ടിയതും, കേന്ദ്ര സർക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്‌ടറിയിലുണ്ടായ പ്രതിസന്ധിയും പരിഗണിക്കുമ്പോൾ ഇനി ജില്ലയിലെ ഏക പ്രതീക്ഷ ട്രാവൻകൂർ സിമന്റ്‌സാണ്. ഈ സിമന്റ്‌സിന് ഇനി കൈത്താങ്ങ് വേണമെങ്കിൽ സര്‍ക്കാറിന്റെ കർശനമായ ഇടപെടലും സഹായവും തന്നെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.