തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാലിനെ സർവിസിൽനിന്ന് പിരിച്ചുവിടാൻ തീരുമാനം. സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടൻറായിരുന്നു ഇദ്ദേഹം.
ധനകാര്യമന്ത്രി തോമസ് ഐസകിെൻറ അധ്യക്ഷതയിൽ ഫിനാൻസ് സെക്രട്ടറി ആർ.കെ. സിങ്, എൻ.ഐ.സി ട്രഷറിയിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനുശേഷമാണ് തീരുമാനം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കുറച്ചുദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടൽ ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല, ഗുരുതരമായ സൈബർ കുറ്റകൃത്യമാണ് ബിജുലാൽ നടത്തിയതായി കണ്ടെത്തിയതെന്ന് ധനമന്ത്രി അറിയിച്ചു.
ധനവകുപ്പിെൻറ മൂന്നു പേരും എൻ.ഐ.സിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി നടപടിയെടുക്കുമെന്നും ഈ തട്ടിപ്പിൽ വഞ്ചിയൂർ ട്രഷറിയിലെ മറ്റുള്ളവരുടെ പങ്ക് പരിശോധിക്കുമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
തട്ടിപ്പു കണ്ടുപിടിച്ച എസ്.ടി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സ്ഥലം മാറ്റും. വീണ്ടും ട്രഷറി സോഫ്റ്റ് വെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കും. ഇതിനു പുറമേ ഫങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻ.ഐ.സിയുടെയും ട്രഷറി ഐ.ടി സെല്ലിെൻറയും സംയുക്ത ടീമിനു രൂപം നൽകും. സമാന സംഭവങ്ങൾ വേറെ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.