ചെല്ലമ്മ

അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ഭൂമി കൈയേറ്റം; ഭൂമി തിരികെ കിട്ടാൻ 63കാരി ഹൈകോടതിയിൽ

കൊച്ചി: അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ഭൂമി കൈയേറ്റം. ആറ് ഏക്കർ ഭൂമി നഷ്ടപ്പെട്ട നല്ലശിങ്ക സ്വദേശി ചെല്ലമ്മയാണ് ഹൈകോടതിയിൽ കേസ് നൽകാനെത്തിയത്. പ്രിയനന്ദനൻ സംവിധാനം ചെയ്ത 'ധബാരി കുരുവി' എന്ന സിനിമയിൽ ഊരു മൂപ്പത്തിയായി അഭിനയിച്ചത് 63കാരിയായ ചെല്ലമ്മയാണ്. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ചെല്ലമ്മ ഭൂമി തിരിച്ചുപിടിക്കാൻ ഹൈകോടതിയിൽ പരാതി നൽകാൻ തീരുമാനിച്ചത്.

ചെല്ലമ്മയുടെ അപ്പൂപ്പൻ നഞ്ചന് നല്ലശിങ്കയിൽ ആറേക്കർ ഭൂമി ഉണ്ടായിരുന്നു. നഞ്ചന്‍റെ മകന്‍റെ മകളാണ് ചെല്ലമ്മ. ഈ ഭൂമി പാരമ്പര്യമായി ചെല്ലമ്മയുടെ അച്ഛന് ലഭിച്ചു. ഈ ഭൂമി എന്നാണ് തട്ടിയെടുത്തതെന്ന് ചെല്ലമ്മക്ക് അറിയില്ല. തൃശൂർ സ്വദേശിയായ മാത്യു എന്നൊരാൾ നല്ലശിങ്കയിൽ എത്തിയപ്പോഴാണ് ഭൂമി അന്യാധീനപ്പെട്ട വിവരം കുടുംബം അറിയുന്നത്. ചെല്ലമ്മയുടെ കുടുംബം കൃഷിചെയ്തിരുന്ന ഭൂമി മാത്യുവിന്‍റേതാണെന്ന് അദ്ദേഹം അവകാശപ്പെടുകയായിരുന്നു. മാത്യു പൊലീസിനെ കൊണ്ടുവന്നെങ്കിലും ഭൂമി വിട്ടുകൊടുക്കാൻ ചെല്ലമ്മയും കുടുംബവും തയാറായില്ല.

മാത്യുവിന്‍റെ മകൻ ലിയോ മാത്യുവിന്‍റെ കൈയിൽ ആദിവാസി ഭൂമിയുടെ ആധാരമുണ്ട്. രാമപുരത്ത് താമസിക്കുന്ന ലിയോ മാത്യു തൃശൂർ സബ് രജിസ്ട്രാർ ഓഫിസിൽ അട്ടപ്പാടിയിലെ ആദിവാസി ഭൂമി രജിസ്റ്ററാക്കിയെന്നാണ് അവകാശപ്പെടുന്നത്. അദ്ദേഹത്തിന്‍റെ മാതാവ് ആലീസ്, സഹോദരിമാരായ ലിജി, ലിജി, ലിഷ എന്നിവരെല്ലാം കൂടിയാണ് ഭൂമി മഹാരാഷ്ട്രയിലെ ബിസിനസുകാരനായ സേതുമാധവ വാര്യർക്ക് തീറാധാരം നൽകിയത്. അതിനും ഇവരുടെ കൈയിൽ പ്രമാണമുണ്ട്.

അട്ടപ്പാടിയിലെ ആദിവാസികൾ പൊതുവിൽ സ്വന്തം ഭൂമിക്ക് വില്ലേജ് ഓഫിസിൽപോയി നികുതി അടക്കാറില്ല. പാരമ്പര്യമായി ഭൂമി ഉപയോഗിക്കുന്നതിനാൽ സ്വന്തം പേരിലേക്ക് ഭൂമിഭാഗം ചെയ്ത് ആധാരം തയാറാക്കലുമില്ല. മരമോ കല്ലോ അതിർത്തി തരിച്ച് ഭൂമിയുടെ അതിർത്തി കണക്കാക്കുന്നൊരു വ്യവസ്ഥയാണ് ഇപ്പോഴുമുള്ളത്. ആദിവാസികൾ തമ്മിൽ ഭൂമിക്ക് തർക്കങ്ങളും ഉണ്ടാകാറില്ല. ഇതെല്ലാം ഭൂമാഫിയക്ക് വലിയ സഹായമാണ്.

സബ് രജിസ്റ്റാർ ഓഫിസിലും വില്ലേജ് ഓഫിസിലും ആദിവാസികൾ പോകാറില്ല. എന്നാൽ ഭൂമി കൈയേറ്റക്കാർ ഈ രണ്ട് ഓഫിസിലും സ്ഥിരമായിട്ടുണ്ട്. നല്ലശിങ്കയിലെ പല ആദിവാസികളുടെയും ഭൂമി പുറത്തുള്ളവർ 1986ന് മുമ്പുള്ള വ്യാജ ആധാരമുണ്ടാക്കി നിരവധി തവണ കൈമാറിയതായി രേഖയുണ്ടാക്കി. വർഷങ്ങൾക്ക് ശേഷമാണ് ഇവരൊക്കെ പ്രമാണവുമായി ആദിവാസി ഭൂമിയിലെത്തുന്നത്. ആദിവാസി ഭൂമി സർക്കാർ സംവിധാനത്തിന്‍റെ ഒത്താശയോടെ പൊലീസ് സഹായത്താൽ പിടിച്ചെടുക്കുന്നു. വില്ലേജ് ഓഫിസിൽ കരം അടച്ച് രസീത് അടക്കം ഹാജരാക്കി ഭൂമി സ്വന്തമാക്കുന്നു. പിന്നീട് ഭൂമി മറിച്ച് വിൽക്കുന്നു. അഹാർഡ്സിലെ ഉദ്യോഗസ്ഥർ ചെയ്ത അതേ രീതിയിലാണ് ഇന്നും ആദിവാസി ഭൂമിക്ക് വ്യാജ ആധാരമുണ്ടാക്കുന്നത്.

ചെല്ലമ്മയുടെ ഭൂമിക്കും അതേ സ്ഥിതി തന്നെയുണ്ടായി. തന്‍റെ ഭൂമി ആദിവാസികൾ കൈയേറിയെന്നാണ് മാത്യു ആദ്യം പരാതി നൽകിയത്. ചെല്ലമ്മ പറയുന്നവത് പ്രകാരം കുറേക്കാലം ഭൂമി സംബന്ധിച്ച് ഒറ്റപ്പാലത്ത് കേസ് നടന്നു. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കേസ് നടക്കുന്നതിനിടയിൽ മാത്യു ഭൂമി മറ്റൊരാൾക്ക് (സേതുമാധവ വാര്യർക്ക്) വിറ്റു. അപ്പോൾ പുതിയ ഒരാളാണ് ഭൂമിക്കുവേണ്ടി എത്തിയത്. അവർ ചെല്ലമ്മയുടെ അച്ഛനെയും മരുമകനെയും തല്ലിയൊടിച്ചു. വലിയ സംഘം ഉണ്ടായിരുന്നതിനാൽ പേടികൊണ്ട് ചെല്ലമ്മ അടക്കമുള്ള ആദിവാസികൾ നിശബ്ദരായി. അന്വേഷിച്ചപ്പോഴാണ് സേതുമാധവൻ ഫൗണ്ടേഷൻ എന്ന ഒരു സംഘടനയുടെ കൈയിലാണ് ഭൂമി എന്ന് അറിയുന്നത്.

ചെല്ലമ്മയുടെ അപ്പൂപ്പന് മൂന്ന് മക്കളുണ്ട്. അതിനാൽ ചെല്ലമ്മയുടെ അച്ഛന് ഒറ്റയ്ക്ക് ഈ ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ല. 1970കളിൽ ഈ ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന മാധവൻ എന്നയാൾ മൂന്നുവർഷത്തെ പാട്ടക്കരാർ ഒപ്പുവെച്ചിരുന്നു. പാട്ടക്കരാറിനു പകരം അദ്ദേഹം ആധാരം നടത്തി ഭൂമി തട്ടിയെടുത്തോയെന്ന സംശയമാണ് ചെല്ലമ്മക്കുള്ളത്. ഹൈകോടതിയിൽ കേസ് നൽകിയാൽ സർക്കാർ വിശദമായി അന്വേഷണം നടത്തുമെന്നാണ് ചെല്ലമ്മയുടെ പ്രതീക്ഷ. സത്യം തെളിഞ്ഞാൽ തങ്ങളുടെ ഭൂമി തിരിച്ചുകിട്ടുമെന്ന് ചെല്ലമ്മ 'മാധ്യമ'ത്തോട് പറഞ്ഞു. കൈമാറ്റങ്ങളെല്ലാം നടത്തിയിരിക്കുന്നത് പവർ ഓഫ് അറ്റോർണി തലത്തിലാണ്. 

Tags:    
News Summary - Tribal land encroachment again in Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.