ചിന്നക്കനാൽ 301 കോളനിയിൽനിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് ആദിവാസികൾ

ഇടുക്കി: ആനകളുടെ നിരന്തര ആക്രമണം നേരിടുന്ന ചിന്നക്കനാൽ 301 കോളനിയിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് സർക്കാർ മാറ്റിപ്പാർപ്പിക്കണമെന്ന് ആദിവാസികൾ. ഇക്കാര്യം ആവശ്യപ്പെട്ട് ഒമ്പത് ആദിവാസി കുടുംബങ്ങൾ പട്ടികവർഗ വകുപ്പിന് നേരത്തെ പരാതി നൽകിയിരുന്നു.

അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് മാറ്റിയതുകൊണ്ട് ആനകളുടെ ആക്രമണത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ല എന്നാണ് ആദിവാസികൾ പറയുന്നത്. 301 കോളനിയിൽ നിലവിൽ 28 കുടുംബങ്ങളാണുള്ളത്. അതിൽ പല കുടുംബങ്ങളിലെയും കുട്ടികൾ ബന്ധുക്കളുടെ വീടുകളിലാണ്. ആനപ്പേടി കാരണം പുനരധിവാസ മേഖലയിൽ സ്ഥിരമായി താമസിക്കാൻ കഴിയുന്നില്ല.

പുനരധിവാസ കേന്ദ്രത്തിലെ വീടുകൾ ദൂരത്തിലായതിനാൽ പരസ്പര സഹായവും ബുദ്ധിമുട്ടാണ്. ചികിൽസക്ക് ആശുപത്രിയിൽ പോകണമെങ്കിൽ ജീപ്പിന് 1000 രൂപ നൽകണം. കടുത്ത പ്രയാസം സഹിച്ച് എന്തിനാണ് ആനകളുടെ ആവാസ മേഖലയിൽ താമസിക്കുന്നതെന്നാണ് ആദിവാസികൾ ചോദിക്കുന്നത്.

ചക്കരക്കൊമ്പനും മുറിവാലനും അടക്കം 12 ഓളം ആനകൾ ഇപ്പോഴും ചിന്നക്കനാലിൽ തന്നെയുണ്ട്. ചെറിയ കൊമ്പന്മാർ വളർന്നു വരികയും ചെയ്യുന്നു. ഇതെല്ലാം ആദിവാസികളിൽ ഭയം വളർത്തുകയാണ്. മതികെട്ടാൻ ചോലയിൽ മതിയായ ഭക്ഷണം ലഭിക്കാത്തതിനാലാണ് ആനകൾ ചിന്നക്കനാലിൽ എത്തുന്നത്. മതികെട്ടാനിലെ പുൽമേടുകൾ വൻതോതിൽ കുറഞ്ഞിട്ടുണ്ട്. അവിടെ വെള്ളം കിട്ടാനില്ല. അതിനാലാണ് വെള്ളത്തിനുവേണ്ടി ആനകൾ ചിന്നക്കനാലിലേക്ക് എത്തുന്നത്.

മുത്തങ്ങ സമരത്തിന് ശേഷം 2003 ലാണ് ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ചിന്നക്കനാലിൽ ഭൂമി കണ്ടെത്തിയത്. ഇക്കാലത്ത് ആനത്താരയാണെന്ന് ചൂണ്ടിക്കാണിച്ച്  പ്രകൃതി ശ്രീവാസ്തവ നൽകിയ റിപ്പോർട്ട് അവഗണിച്ചാണ് ഭൂമി വിതരണം നൽകാൻ തീരുമാനിച്ചത്.

1990 കളുടെ അവസാനം മുതൽ ഇവിടെ ആനകളുടെ ആക്രമണത്തിൽ മനുഷ്യർ മരിച്ചിരുന്നുവെന്നാണ് ആദിവാസികൾ പറയുന്നത്. ആദിവാസികളെ പുനരധിവസിപ്പിച്ചതിന് ശേഷം 301 കോളനിയിൽ മാത്രം മൂന്നു പേരാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അരിക്കൊമ്പനെ നാടുകടത്തിയതോടെ സിമൻറ്പാലം ഭാഗത്ത് ആനകൾ കൂട്ടത്തോടെ എത്തി. ചക്കരക്കൊമ്പനും മുറിവാലനും പ്രശ്നക്കാരാണ്. ഫെൻസിങ് തകർന്നതിനാൽ ആനക്കൂട്ടം 301 കോളനിയിലാണ്. ആദിവാസികളടക്കം പ്രദേശവാസികൾ ഭീതിയുടെ നിഴലിലാണ്. 

Tags:    
News Summary - Tribals want to be relocated from Chinnakal 301 Colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.