ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരായ വിമർശനം ഔദ്യോഗിക നിലപാടല്ലെന്ന് തൃശൂർ അതിരൂപത

തൃശൂർ: മുഖപത്രമായ ‘കത്തോലിക്കാസഭ’യിൽ ബി.ജെ.പിക്കും നടൻ സുരേഷ് ഗോപിക്കുമെതിരെ വന്ന വിമർശനത്തെ തള്ളിപ്പറഞ്ഞ് തൃശൂർ അതിരൂപത. മുഖപത്രത്തിൽ എഴുതിയത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വക്താവ് ഫാ. സിംസൺ അറിയിച്ചു. അൽമായരുടെ സംഘടനയായ കത്തോലിക്ക കോൺഗ്രസ് മണിപ്പൂർ സംഭവത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചിരുന്നു. ആ പ്രതിഷേധത്തിലുയർന്ന അഭിപ്രായമാണ് ലേഖനമായി ‘കത്തോലിക്കാസഭ’യിൽ വന്നതെന്നാണ് അതിരൂപതയുടെ വിശദീകരണം.

ലേഖനം സി.പി.എം അടക്കമുള്ള പാർട്ടികൾ സുരേഷ് ഗോപിക്കും ബി.ജെ.പിക്കും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് തൃശൂർ അതിരൂപത നിലപാട് മയപ്പെടുത്തിയത്. രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്ന സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നിലപാടാണ് മുഖപത്രത്തിൽ വന്നതെന്നാണ് വിശദീകരണം.

‘മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസ്സിലാകു’മെന്നും ‘തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ സുരേഷ്ഗോപി തൃശൂരിലേക്ക് വരുന്നതെ’ന്നുമൊക്കെയാണ് ‘കത്തോലിക്കാസഭ’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലുണ്ടായിരുന്നത്.

രാഷ്ട്രീയ പാർട്ടികൾക്കും സർക്കാറുകൾക്കുമെതിരെ ‘കത്തോലിക്കാസഭ’ മുമ്പും രൂക്ഷവിമർശനമുന്നയിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരമൊരു പിന്മാറ്റം ആദ്യമാണ്. സമ്മർദമുണ്ടോയെന്ന കാര്യത്തിൽ സഭ നേതൃത്വം പ്രതികരിച്ചിട്ടില്ല. മണിപ്പൂര്‍ വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 

Tags:    
News Summary - Archdiocese of Thrissur says criticism against BJP and Suresh Gopi is not official position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.