ഓച്ചിറ: സൂനാമി ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഒരു റിട്ട. പൊലീസ് ഉദ്യോഗസ്ഥനുണ്ട് ഓച്ചിറയിൽ, മേമന കുറ്റിപ്പുറത്ത് രാജ്മോൻ. അന്ന് കരുനാഗപള്ളി സ്റ്റേഷനിൽ പൊലീസുകാരൻ. സർക്കിൾ ഇൻസ്പക്ടർ ഇ.കെ. സാബു, പൊലീസുകാരായ കമറുദ്ദീൻ, കൃഷ്ണൻ എന്നിവരുമൊത്ത് വയനകത്ത് മോഷണവീട്ടിൽ നിൽക്കുമ്പോഴാണ് തീരദേശത്ത് വൻ തിരമാലകൾ ഉണ്ടാകുമെന്നും ജനങ്ങളെ അറിയിക്കണമെന്നും മുകളിൽനിന്ന് സന്ദേശമെത്തിയത്. ഉടൻതന്നെ കരുനാഗപ്പള്ളിയിൽ എത്തി പണിക്കരുകടവ് പാലം വഴി അഴീക്കലിലേക്ക് പുറപ്പെട്ടു.
കടപ്പുറത്ത് ഇരുന്ന് ചീട്ടുകളിക്കുന്നവരോട് എല്ലാം മുന്നറിയിപ്പ് നൽകി. വേലിയേറ്റവും തിരമാലകളും നിരവധി കണ്ട തീരദേശക്കാർ അത് അത്ര കാര്യമാക്കിയില്ല. ഹാർബർ വരെ പോയി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തിരികെ 12 മണിയോടെ തിരിച്ചുവരുമ്പോൾ ആദ്യത്തെ തിരമാലയടിച്ചു. അതിൽ അഴീക്കൽ ഭാഗത്ത് പരിക്ക് പറ്റിയ സ്ത്രീകൾ നിലവിളിക്കുന്നത് കണ്ടു. ആശുപത്രിയിൽ പോകാൻ വഴിയില്ല. അവരക്കൂടി ജീപ്പിൽ കയറ്റി കരുനാഗപ്പള്ളി ആശുപത്രിയിലേക്ക് വരുമ്പോൾ ശ്രായിക്കാട്ഭാഗത്ത് വെച്ച് രണ്ടാമത്തെ തിരമാല. അതായിരുന്നു കൂറ്റൻ സൂനാമി തിരമാലകൾ. പൊലീസ് ജീപ്പ് പൊക്കിയെടുത്ത് മറിച്ചു. അതിൽ ഉണ്ടായിരുന്നവർ തിരമാല വെള്ളത്തിൽ ഒഴുകിപ്പോവുകയും ചെയ്തു. സി.ഐയും രാജുമോനും ഒരു തെങ്ങിൽ പിടിച്ചുകിടന്നു. കൂടെയുള്ള രണ്ട് പൊലീസുകാരുടെ തലക്കുമുകളിലും വെള്ളമുയർന്നു. അവരും ഏതോ ഭാഗത്ത് തെങ്ങിൽ പിടിച്ചുകിടന്നു. ഇവിടെ ഉണ്ടായിരുന്ന സ്ത്രീകൾ ഒഴുക്കിൽപ്പെട്ട് കിഴക്ക് കായലിന്റെ തീരത്തേക്ക് ഒഴുകിയെത്തി. അവർ മരിച്ചോ ജീവനോടെ ഉണ്ടോ എന്ന് ഇന്നും അറിയില്ല.
തിരയൊന്നടങ്ങിയപ്പോൾ നടന്ന് ശ്രായിക്കാട് ഭാഗത്ത് എത്തി വള്ളത്തിൽ കയറി പള്ളിക്കടവിൽ എത്തിയപ്പോഴേക്കും പൊലീസ് സംഘം പരിക്ക് മൂലം അവശരായിരുന്നു. പിന്നീട് നാലുപേെരയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നുവരുമ്പോൾ സൂനാമിയുടെ ക്രൂരതയെല്ലാം നേരിൽ കാണാൻ കഴിഞ്ഞു. ആശുപത്രിയിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്. നിരവധി മൃതദേഹങ്ങളാണ് ആശുപത്രിയിലേക്ക് എത്തിയത്. പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ട ഭാഗത്ത് തന്നെ 50 ഓളം മരണമുണ്ടായി. ഞങ്ങൾക്ക് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം. സൂനാമിതിരമാലകൾ അടിച്ചുതകർത്തുകൊണ്ടുവന്ന വെള്ളം കായലിലേക്ക് ഒഴുകിയത് മരണനിരക്ക് കുറച്ചു. പടിഞ്ഞാറോട്ടാണ് ഒഴുകിയെതങ്കിൽ ഞങ്ങൾ കടലിൽ മുങ്ങിമരിക്കുമായിരുന്നുവെന്ന് രാജ്മോൻ ഓർക്കുന്നു. ബോംബ് വർഷിച്ചതുപോലെയായിരുന്നു അഴീക്കൽ-ശ്രായിക്കാട് പ്രദേശം.
പ്രധാനമന്ത്രിവരെ ആശുപത്രിയിൽ എത്തി ഞങ്ങളെ കണ്ടു. ഐ.ജി മുതൽ ഉള്ളവർ എത്തി ഒരുപാട് വാഗ്ദാനങ്ങൾ നൽകി. ഒന്നും നടപ്പായില്ല.
സർക്കാർ നൽകിയത് സദ്സേവ സർട്ടിഫിക്കറ്റും പരിക്കേറ്റവർക്ക് 5000 രൂപയും മാത്രം. ദുരന്തത്തിന് 19 വർഷം കഴിയുമ്പോഴും ദുരന്തമുഖം മനസ്സിൽനിന്ന് മായുന്നിെല്ലന്ന് രാജ്മോൻ പറയുന്നു. പൊലീസ്സേനയിൽനിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ച രാജ്മോൻ ഇന്ന് പൊതുപ്രവർത്തനരംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.