മുക്കം: പൊലീസ് താണ്ഡവമാടിയ എരഞ്ഞിമാവിലെ ഗെയിൽ സമരഭൂമിയിൽ സമര പ്രവർത്തകർക്ക് ആവേശം പകർന്ന് ജന നേതാക്കളെത്തി. രണ്ടു ദിവസമായി സംഘർഷഭരിതമായ പ്രദേശത്ത് സമരത്തിന് ആവേശം പകർന്നും ഇരകൾക്ക് ആശ്വാസമേകിയും വിവിധ സംഘടനയുടെ മുതിർന്ന നേതാക്കളെത്തിയപ്പോൾ ജനം അവർക്ക് വൻ വരവേൽപ് നൽകി.
മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, എം.പിമാരായ എം.കെ. രാഘവൻ, എം.ഐ. ഷാനവാസ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം എന്നിവരാണ് വെള്ളിയാഴ്ച രാവിലെ സമരത്തിന് ഉൗർജം പകരാൻ എത്തിയത്.
നേതാക്കൾ എത്തുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നേതാക്കളെ കാണാനും പരിഭവങ്ങൾ നിരത്താനും ഗെയിൽ ഇരകളും എത്തിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗെയിൽ പ്രശ്നം ഗൗരവത്തോടെ യു.ഡി.എഫ് ചർച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബലം പ്രയോഗിച്ചുള്ള പൊലീസ് നരനായാട്ട് അംഗീകരിക്കാനാവില്ല.
സർക്കാർ ജനാധിപത്യപരമായി പ്രവർത്തിക്കണം. ഗെയിൽ പൈപ്പിടൽ നിർമാണം നിർത്തിവെച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം. അല്ലാത്തപക്ഷം അനിഷ്ട സംഭവങ്ങളുണ്ടായാൽ സർക്കാറിനായിരിക്കും ഉത്തരവാദിത്തമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി.
ഗെയിൽ പ്രശ്നത്തെ ചൊല്ലി പൊലീസ് നടത്തിയ നരനായാട്ട് സമാനതകളില്ലാത്ത സംഭവമാണെന്ന് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നയിക്കുന്ന കേരളത്തിൽ ജനകീയ സമരത്തെ അടിച്ചമർത്തൽ ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടി. സിദ്ദീഖ്, വി.വി. പ്രകാശ്, അഡ്വ. പി. ശങ്കരൻ, വി.എം. ഉമ്മർ മാസ്റ്റർ, റസാഖ് പാലേരി, സമരസമിതി പ്രവർത്തകർ തുടങ്ങിയവരും നേതാക്കൾക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.