കോഴിക്കോട്: കേരളത്തിന്‍റെ ചോര കുടിക്കുന്ന കേന്ദ്ര ബജറ്റിനെതിരെ പ്രതികരിക്കാൻ മടിക്കുന്ന യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും ബി.ജെപി.യുടെ ഐശ്വര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ സമരത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം.
ഇന്ധന സെസ് വർധനക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തും കോട്ടയത്തുമടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ചിലയിടങ്ങളിൽ ബി.ജെ.പിയും പ്രതിഷേധ മാർച്ചുമായെത്തി.
ഇന്ധന സെസ് വർധനയിൽനിന്ന് പിൻവാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ന് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. രാവിലെ, പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയിലേക്ക് കാൽനട പ്രതിഷേധ മാർച്ചുമായാണ് എത്തിയത്. മുദ്രാവാക്യം വിളികളോടെ സഭക്കകത്തേക്ക് പ്രവേശിച്ചു. സഭക്കകത്തും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. ഇതോടെ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ചോദ്യോത്തരവേള ഭാഗികമായി റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.