തിരുവനന്തപുരം: സോളാർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യു.ഡി.എഫ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സോളാർ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചശേഷം മുന്നണി നേതാക്കൾ അനൗപചാരികയോഗം ചേർന്ന് വ്യക്തമാക്കി.
യു.ഡി.എഫ് നേതാക്കളെ കൂട്ടമായി അപമാനിക്കാനും ആക്ഷേപിക്കാനുമാണ് കേസെന്ന് മുന്നണിനേതാക്കൾെക്കാപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.ഡി.എഫിനെയും കോൺഗ്രസിനെയും തകർക്കാനുള്ള സി.പി.എം ഗൂഢാലോചന കേരളത്തിൽ നടക്കില്ല. ഇപ്പോൾ രാഷ്ട്രീയായുധമാക്കുന്ന സോളാർ റിപ്പോർട്ട് സി.പി.എമ്മിന് പിന്നീട് ബൂമറാങ്ങാകും.
കള്ളക്കേസിനെ നിയമപരമായി നേരിടും. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഒരുകേസെടുക്കാൻ പോലും തെളിവില്ലെന്നതിെൻറ സാക്ഷ്യപത്രമാണ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരുകേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. തെളിവില്ലെന്നതിെൻറ സൂചനയാണിത്.
കമീഷൻ റിപ്പോർട്ടിെൻറ വിശ്വാസ്യതയിൽ യു.ഡി.എഫിന് സംശയമുണ്ട്. മന്ത്രിസഭ തീരുമാനിച്ച വിഷയങ്ങൾ മറികടന്ന കമീഷൻ, സ്വയം അന്വേഷണ വിഷയങ്ങൾ തീരുമാനിച്ചു. ലൈംഗിക ചൂഷണം, കൈക്കൂലി എന്നീ ആരോപണങ്ങൾക്ക് ഉപോൽബലകമായ ഒരു തെളിവും റിപ്പോർട്ടിൽ ഇല്ല. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷം മുഖ്യമന്ത്രിയുടെ ഒാഫിസ് ജസ്റ്റിസ് ശിവരാജനെ ബന്ധപ്പെടുകയും ആഭ്യന്തരവകുപ്പിലെ ഒരുദ്യോഗസ്ഥൻ അദ്ദേഹത്തെ വസതിയിൽ കാണുകയും െചയ്തത് അസാധാരണ നടപടിയാണ്.
ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. കമീഷൻ ആദ്യംനൽകിയ റിപ്പോർട്ടിലെ ഏതൊക്കെ ഭാഗങ്ങളാണ് പിന്നീട് മാറ്റിയതെന്ന് അന്വേഷിക്കണം. പറയുന്നത് എഴുതി തരാനല്ല തങ്ങളുടെ ഭരണകാലത്ത് കമീഷനെ നിയമിച്ചത്. നിഷ്പക്ഷ റിപ്പോർട്ടിനാണ് കമീഷനെ വെച്ചതെങ്കിലും കഴിഞ്ഞ ഒന്നരവർഷത്തെ സമ്മർദം കാരണം കഴിയാതെപോയി.
വിശ്വാസ്യതയില്ലാത്തയാളെന്ന് ഹൈകോടതി പറഞ്ഞ ഒരുസ്ത്രീ പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കും മറ്റ് യു.ഡി.എഫ് നേതാക്കൾക്കും എതിരെ കേസെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏതു ലോകത്താണ് ജീവിക്കുന്നതെന്നും െചന്നിത്തല ചോദിച്ചു.
യു.ഡി.എഫിന് ഭയപ്പെടേണ്ടതായ ഒന്നും സോളാർ റിപ്പോർട്ടിൽ ഇല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമീഷേൻറതായ ഒരു കണ്ടെത്തലും റിപ്പോർട്ടിൽ ഇല്ല. മുന്നണി ഒറ്റക്കെട്ടായിനിന്ന് റിപ്പോർട്ടിലെ പൊള്ളത്തരം തുറന്നുകാട്ടുമെന്ന് അനൂപ് ജേക്കബും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.