യു.ഡി.എഫ് കരിദിനം ആചരിച്ചു; മോദിയുടെ മുഖത്ത് ജനങ്ങള്‍ മഷിപുരട്ടും –ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളുടെ കൈയില്‍ മഷിപുരട്ടാന്‍ നോക്കുന്ന നരേന്ദ്ര മോദിയുടെ മുഖത്ത് ഇന്ത്യന്‍ജനത മഷിപുരട്ടുമെന്ന് പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച കരിദിനത്തിന്‍െറ ഭാഗമായി ഏജീസ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം പിടികൂടുന്നതിനുപകരം രാജ്യത്തെ 125 കോടിയോളം വരുന്ന ജനങ്ങളെ മോദി ക്യൂവില്‍ നിര്‍ത്തിയിരിക്കുകയാണ്. പണം തിരിച്ചെടുക്കാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍കൈയില്‍ മഷിപുരട്ടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ധിക്കാരപരമായ നടപടിയാണ്. പണം പിന്‍വലിക്കലിനുപിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചന ഉണ്ട്. പാവപ്പെട്ടവരും കര്‍ഷകരും  പണമെടുക്കാന്‍ കഴിയാതെ വലയുകയാണ്.

അതേസമയം, വന്‍കിടക്കാരുടെ 7016 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. കള്ളപ്പണം പിടികൂടുന്നതിനെ ആരും എതിര്‍ക്കുന്നില്ല. മോദിഭരണം ഇനിയും തുടര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ പട്ടിണിപ്പാവങ്ങളുള്ള രാജ്യമായി ഇന്ത്യ മാറും. സംസ്ഥാനത്തെ സഹകരണമേഖല പൂര്‍ണമായും സ്തംഭിച്ചു. ഇത് ഗ്രാമീണമേഖലയെ ബുദ്ധിമുട്ടിലാക്കിക്കഴിഞ്ഞു. സഹകരണമേഖലയെ തകര്‍ക്കാനാണ് ശ്രമം. ഇത് ബി.ജെ.പി യുടെ ഗൂഢാലോചനയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാറും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണമേഖലയുടെ നട്ടെല്ലായ സഹകരണബാങ്കുകളെ നിര്‍വീര്യമാക്കാന്‍ ശ്രമം നടക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സഹകരണബാങ്കുകളെ രക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാറിനും ഉത്തരവാദിത്തമുണ്ട്. കോഓപറേറ്റിവ് ഗ്യാരന്‍റി ട്രേഡ് തുടങ്ങാന്‍ അവര്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം യു.ഡി.എഫ് മുന്നോട്ടുവെക്കും. തീരുമാനങ്ങളെടുക്കാന്‍ ഒരു സംവിധാനം പ്രവര്‍ത്തിച്ചിരുന്ന സ്ഥാനം ഇന്ന് ഒരു വ്യക്തിയിലേക്ക് എത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന്  പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സോളമന്‍ അലക്സ് അധ്യക്ഷത വഹിച്ചു.എ.എ. അസീസ്, ഡോ. വര്‍ഗീസ് ജോര്‍ജ്, സി.പി. ജോണ്‍, എം.എം. ഹസന്‍, തമ്പാനൂര്‍ രവി, പാലോട് രവി, ശരച്ചന്ദ്രപ്രസാദ്, പി.സി. വിഷ്ണുനാഥ്, പാലോട് രവി, വി.എസ്. ശിവകുമാര്‍, കരകുളം കൃഷ്ണപിള്ള,  ബീമാപള്ളി റഷീദ്, വി. സുരേന്ദ്രന്‍പിള്ള, വി.എസ്. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.